യുഎസില്‍ വെള്ളിയാഴ്ച വീശിയടിച്ച കൊടുംചുഴലിയില്‍ മരണം നൂറ് കടന്നു. അര്‍കെന്‍സ, മിസോറി,ടെനിസി, ഇലിനോയ്‌സ്, മിസിസിപ്പി, കെന്റക്കി എന്നീ ആറ് സംസ്ഥാനങ്ങളിലായി 400 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ചുഴലിയുടെ ഭീകരതാണ്ഡവം.

അനേകായിരങ്ങള്‍ക്ക് വീടും വൈദ്യൂതിയും വെള്ളവുമെല്ലാം നഷ്ടപ്പെടുത്തിയ ചുഴലിക്കാറ്റ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച കെന്റക്കിയില്‍ എഴുപത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് തവണ ഇവിടെ ചുഴലി വീശിയടിച്ചു. ഒരെണ്ണം 200 മൈലോളം ദൂരത്തിലാണ് വീശിയത്. ഇവിടെ ഒരു മെഴുകുതിരി നിര്‍മാണ കമ്പനിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇല്ലിനോയിസില്‍ ചുഴലിയെത്തുടര്‍ന്ന് ആമസോണ്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് ആറ് പേര്‍ മരിച്ചു. ഇവിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 45 പേരെ രക്ഷപെടുത്താനായി. ടെനിസിയില്‍ 70000 പേര്‍ക്കാണ് വൈദ്യുതി ഇല്ലാതായത്. ഇവിടെ നാല് പേര്‍ മരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ചുഴലിയുടെ തീവ്രതയും എണ്ണവും കൂട്ടുന്നതെന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1925ലുണ്ടായ കൊടുങ്കാറ്റില്‍ 695 പേര്‍ മരിച്ചിരുന്നു. വരും ദിവസങ്ങളിലും തണുപ്പും മോശം കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.