ദിസ്പൂര്‍: ഫെയ്‌സ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആസ്സമിലെ കര്‍ബി അന്‍ലോഗ് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഞ്ജന്‍ ബോറയെയാണ് അസ്സാം പൊലീസ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അഞ്ജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു പുറത്തേക്കു പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥന നിര്‍ത്തണമെന്നും മുസ്ലീംങ്ങളില്ലാത്ത ഭാരതത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധിപേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്, ജയ് ശ്രീറാം, ജയ്ഹിന്ദുസ്ഥാന്‍,ജയ് ഹിന്ദുഭൂമിയെന്നും അഞ്ജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
സ്ഥലത്തെ ഒരു അഭിഭാഷകന്‍ അഞ്ജന്റെ പോസ്റ്റ് സ്വന്തം ഫെയ്‌സ്ബുക്കിലേക്ക് ഷെയര്‍ ചെയ്തതോടെയാണ് കാര്യം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അഞ്ജനെതിരെ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സസ്‌പെന്‍ഷന്‍ ഉത്തരവും വന്നു.
തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിനിടെ അഞ്ജന്‍ പറഞ്ഞതെങ്കിലും മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു. അഞ്ജനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് സംസ്ഥാന വ്യപകമായ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്.