ലണ്ടന്‍: ഇറാഖ് യുദ്ധത്തിനിടെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചു. 55 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട കേസുകളിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചത്. നിയമവിരുദ്ധമായി ഇവരെ വധിച്ചു എന്നതാണ് സൈനികരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇത് സംബന്ധിച്ച് ദി ഇറാഖ് ഹിസ്‌റ്റോറിക് അലിഗേഷന്‍സ് ടീം, സര്‍വീസ് പ്രോസിക്യൂട്ടിംഗ് അതോറിറ്റിയില്‍ നിന്ന് നിയമോപദേശം തേടി. 35 കൊലപാതകങ്ങളും മുപ്പത്തിയാറ് പീഡനങ്ങളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതു കൂടാതെ 20 കൊലപാതകങ്ങളില്‍ കൂടി എസ്പിഎ നിയമോപദേശം നല്‍കുമെന്നാണ് സൂചന.
71 പീഡനങ്ങള്‍ കൂടി അടുത്ത് തന്നെ ഇതില്‍ ഉള്‍പ്പെടുത്തും. കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും തെളിവുകളുളള സാഹചര്യത്തില്‍ ബ്രിട്ടീഷ് പട്ടാളക്കാരെ വിചാരണ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറില്ലെന്ന് എസ്പിഎ ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ തെളിവുകളില്ലാതെ ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെപ്പോലും ശിക്ഷിക്കില്ലെന്നും എസ്പിഎ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില കേസുകളില്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് പ്രൊസിക്യൂട്ടര്‍മാരെ സമീപിച്ചിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

സൈനിക പ്രൊസിക്യൂട്ടര്‍മാരും സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യാന്തര ക്രിമിനല്‍ കോടതിയും ബ്രിട്ടനെ നിരീക്ഷിച്ച് വരികയാണ്. യുദ്ധക്കുറ്റ ആരോപണങ്ങളെക്കുറിച്ച് ഇവര്‍ പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. 1268 കേസുകളാണ് ഇവര്‍ പരിശോധിച്ചത്. ഇതില്‍ കൊലപാതകങ്ങളും പീഡനങ്ങളും അടക്കമുളളവയുണ്ട്. ബ്രിട്ടീഷ് കസ്റ്റഡിയില്‍ 47 ഇറാഖികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മറ്റുളളവരെ സൈനികര്‍ അല്ലാതെ വധിച്ചെന്നാണ് സൂചന. എന്നാല്‍ ഇറാഖില്‍ വിന്യസിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നാണ് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. എങ്കിലും ആരോപണങ്ങളെ അതീവ ഗൗരവമായാണ് മന്ത്രാലയം കണക്കാക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ സൈനികരെ വിചാരണ ചെയ്യാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.