ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം: വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട കൊലയാളിയെ പുകഴ്ത്തിയുള്ള ഇമാമിന്റെ പ്രഭാഷണത്തിനെതിരെ പോലീസ് അന്വേഷണം. ബർമിംഗ്ഹാം സ്‌മോൾ ഹീത്തിലെ സെൻട്രൽ ജാമിയ മസ്ജിദ് ഗാംകോൾ ഷെരീഫിലാണ് തീവ്രവാദ അനുകൂല നിലപാടിന് സമാനമായ വാചകം മുഴങ്ങിയത്. പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ മുംതാസ് ഖാദ്രിയെ പുകഴ്ത്തിയായിരുന്നു ഇമാമിന്റെ പുതുവത്സര പ്രഭാഷണം. ജനുവരി 1 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രാർത്ഥനാ യോഗത്തിന്റെ ലൈവ് സ്ട്രീമിൽ, പാകിസ്ഥാനിൽ നിന്നുള്ള ഇമാം, ഖാദ്രിയെ “ഗാസി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഗാസി എന്ന ഉറുദു പദത്തിന് ‘ധീരയോദ്ധാവ്’ എന്നർത്ഥം. നഗരത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നിൽ നടന്ന പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.
‘ഈ ലോകം വിട്ടുപോയ ഗാസി മുംതാസ് ഖാദ്രിയെ സ്തുതിക്കുന്നു’ എന്ന വാചകവും പ്രഭാഷണത്തിൽ ഉയർന്നുകേട്ടു. ഖാദ്രിയുടെ ക്രൂരകൃത്യങ്ങളെ അനുകൂലിച്ച് പ്രസംഗകൻ സംസാരിക്കുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇമാമിന്റെ വാക്കുകളിൽ താൻ വളരെ നിരാശനാണെന്നും പ്രസംഗത്തെ അപലപിച്ച് സംസാരിക്കാൻ പള്ളി നേതാക്കളോട് ആവശ്യപ്പട്ടതായും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് മുസ്‌ലിംകളുടെ മാനേജിംഗ് ഡയറക്ടറും ബർമിംഗ്ഹാം സർവകലാശാലയിലെ മുസ്ലീം ചാപ്ലിനുമായ പോൾ സലാഹുദ്ദീൻ അംസ്ട്രോങ്ങ് വെളിപ്പെടുത്തി.
പാക്കിസ്ഥാന്റെ കഠിനമായ മതനിന്ദ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ ക്രിസ്ത്യൻ വനിതയായ ആസിയ ബീബിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്ത വ്യക്തിയാണ് സൽമാൻ തസീർ. പാകിസ്ഥാനില്‍ ഇത് ഏറെ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ആസിയ ബീബിയെ അനുകൂലിച്ച് സംസാരിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ 2011ൽ കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി മുംതാസ് ഖാദ്രിയെ വധശിക്ഷക്ക് വിധേയമാക്കിയെങ്കിലും തീവ്ര വലതുപക്ഷം അയാള്‍ക്ക് നായക പരിവേഷം നല്‍കുകയും അയാളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പില്‍ 20 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്. ബ്രിട്ടനിലും ഖാദ്രിക്ക് നിരവധി പിന്തുണക്കാരുണ്ടായിരുന്നു.
Leave a Reply