ഈ ആധുനിക യുഗത്തിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ലോകമെമ്പാടും കാണാവുന്നവയാണ്. മനുഷ്യൻ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സ്വാൻസി സർവകലാശാല ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഡാമുകളും കലുങ്കുകളുമെല്ലാം വന്യജീവികൾക്ക് ഭീഷണിയാവുന്നെന്ന് കണ്ടെത്തി. തെക്കൻ വെയിൽസിലെ അഫാൻ നദിക്കരയിൽ കടൽപക്ഷികൾ ഒരു ചത്ത സാൽമൺ മത്സ്യത്തെ തിന്നുന്നതായി കാണപ്പെട്ടു. സൽമണുകൾ ഇപ്പോൾ നദികളിൽ കുറഞ്ഞുവരികയാണ്. ഈ ദൃശ്യം ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങളെയാണ് വ്യക്തമാക്കുന്നത്.

200 വർഷമായി നിർമിച്ച പല ഡാമുകളും വന്യജീവികൾക്കും നമ്മുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണി ആവുന്നെന്ന് ശാസ്ത്രഞ്ജർ പറഞ്ഞു. യൂറോപ്യൻ നദികളുടെ വിഘടനം തടയുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ അപകടകരമായ ഒറ്റപെടലിനുമുള്ള കാരണങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാൻസി സർവകലാശാല, ആംബർ എന്ന പ്രൊജക്റ്റ്‌ ഉണ്ടാക്കിയത്.

ശുദ്ധജലം ഒഴുകുന്ന നദികൾ കുറവാണെന്നും വെള്ള കമ്പനികളും മറ്റും നദികളെ ചൂഷണം ചെയുന്നതായും ഗവേഷകർ കണ്ടെത്തി. കൂടാതെ നദിക്ക് കുറുകെയുള്ള തടസ്സങ്ങളും നിരവധിയാണ്. യൂറോപ്പിൽ ഗവേഷകർ 460, 000 തടസ്സങ്ങൾ കണ്ടെത്തി. വർഷാവസാനത്തോടെ അത് 600, 000 ആയേക്കാമെന്ന കണക്കുകൂട്ടലിലാണ് ഗവേഷകർ.

അഫാൻ നദിയെക്കുറിച്ച് ആംബർ കൂടാതെ മറ്റൊരു വിശദമായ പഠനവും നടന്നുവരുന്നു. സ്വതന്ത്രമായി ഒഴുകുന്ന നദിയാണ് അഫാൻ. മീൻപിടിത്ത പ്രദേശത്തു 600ഓളം തടസ്സങ്ങളുണ്ടെന്നും ഇവ എന്തിനാണ് നിർമിച്ചതെന്ന് വ്യക്തമല്ലെന്നും സ്വാൻസി ടീമിലെ ഗവേഷകനായ ജോഷ് ജോൺസ് പറഞ്ഞു. ഇതൊരു ദേശീയ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ നദികളിൽ 1% മാത്രമേ തടസമില്ലാതെ ഒഴുകുന്നുള്ളു, ബാക്കിയുള്ള നദികളിൽ എല്ലാത്തരം മനുഷ്യനിർമിത തടയണകളും, ഡാമുകളും ആണ് ഉള്ളത് . ഇത് ആശങ്കാജനകമായ പ്രശ്നമായി മാറുകയാണ്. മൽസ്യങ്ങളുടെ നിലനില്പിനും ഇത് വലിയ ഭീഷണിയാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു. തടസങ്ങൾ മാറ്റുന്നത് ചിലവേറിയ ഒന്നാണെങ്കിലും ചിലവ് ചുരുക്കി മാറ്റങ്ങൾ കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും ഗവേഷകനായ റിച്ചാർഡ് ഓ റോർക് പറഞ്ഞു. യൂറോപ്പിലെ നദികൾക്ക് കടലുമായി ബന്ധമില്ലാതാവുന്നു. പല ജലജീവികളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.