താമരശേരിയിൽ ഏഴ്മാസം പ്രയമുള്ള കുഞ്ഞിനെ പിതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നത് ‍െഞട്ടലോടെയാണ് കേരളക്കര കേട്ടത്. മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.കുടുംബത്തിൽ ഭർത്താവും മാതാവുമൊക്കെ തന്നോട് കാട്ടിയ അവഗണനയാണ് ഇൗ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ജസീല പറയുന്നു.

ഭര്‍ത്താവ് വിദേശത്തായതിനാല്‍ അദ്ദേഹം നാട്ടിലെത്തുമ്പോള്‍ മാത്രമാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. മറ്റുള്ള സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മറ്റുള്ളവരോടു സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്.

കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ നിസാര കാര്യങ്ങളില്‍നിന്നാണ് ഷമീനയോടുള്ള വിരോധമായി മാറിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പായിരുന്നു സകലതും നടന്നത്.

കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതലുണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നുന്ന തരത്തിലായിരുന്നു ജസീലയുടെ സ്നേഹാഭിനയം. ബന്ധുക്കളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ലാളനയാണ് കുഞ്ഞിനു നൽകിയിരുന്നത്.

ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീടു കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യം തടസമായി. പുറത്തു പോയി വന്നോളൂ ഞാന്‍ കു‍ഞ്ഞിനെ നോക്കിക്കോളാമെന്നു ജസീല പലതവണ പറഞ്ഞു നോക്കിയെങ്കിലും അക്കാര്യത്തില്‍ ഷമീനയ്ക്കു താല്‍പര്യമുണ്ടായിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണു വരുത്തിത്തീര്‍ക്കാനായിരുന്നു കൊലപാതകത്തിനു മുന്നോടിയായുള്ള പദ്ധതി.

ആദ്യമേ സംശയത്തിന്റെ മുനയെത്തിയതു ജസീലയുടെ നേര്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു യാതൊരു സംശയവമുണ്ടായിരുന്നില്ല. വീട്ടില്‍ മറ്റാരുടെയെങ്കിലും വരവു പതിവായിരുന്നോ. ആരെങ്കിലുമായി വിദ്വേഷമുണ്ടായിരുന്നോ മോഷണശ്രമമെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യങ്ങളും പരിശോധിച്ചു. കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപ്പെടാതിരുന്നതു കവര്‍ച്ചയല്ലെന്ന് ഉറപ്പിക്കാനായി. ആദ്യദിവസം ബന്ധുക്കളോട് കാര്യമായൊന്നും പൊലീസ് ചോദിച്ചിരുന്നില്ല. എന്നാല്‍ ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങളെത്തുടര്‍ന്നുള്ള പൊലീസ് നിരീക്ഷണമാണു യഥാര്‍ഥ പ്രതിയിലേക്കെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. അങ്ങനെയെങ്കില്‍ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമിക്കേണ്ടിയിരുന്നതല്ലേ. കുഞ്ഞിനെ കിണറ്റില്‍നിന്നു പുറത്തെടുക്കും വരെ കരച്ചിലോടെ നിന്നിരുന്ന ജസീല പിന്നീടു യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളിലേക്കു മാറിയതാണു സംശയത്തിനിടയാക്കിയത്. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പൊലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുന്നതു ശ്രദ്ധിച്ചു. വീട്ടിലെത്തുന്നവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്നു. ഭക്ഷണം വിളമ്പുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. കുഞ്ഞിനെ ആരോ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടുവെന്നായിരുന്നു ജസീലയുടെ ആദ്യത്തെ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും കവര്‍ച്ചയ്ക്കായി ആരെങ്കിലും വന്നപ്പോള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നും വരെ പറഞ്ഞുനോക്കി. നിങ്ങള്‍ സംഭവിച്ചതു പറയൂ. അല്ലെങ്കില്‍ നുണപരിശോധനയെന്ന പൊലീസിന്റെ മുന്നറിയിപ്പിലാണു ജസീല വീണത്. പിന്നീട് അവര്‍ക്ക് പറയാതിരിക്കാന്‍ തരമുണ്ടായില്ല. കുറ്റമേല്‍ക്കുകയായിരുന്നു.

ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോകുന്നതു ജസീല ശ്രദ്ധിച്ചു. പിന്നീടു കുളിമുറിയില്‍ കയറിയെന്ന് ഉറപ്പായപ്പോള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചു. വേഗത്തില്‍ കു‍ഞ്ഞിനെയെടുത്തു കിണറ്റിലേക്കിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും അടുക്കള ജോലിയില്‍ തുടര്‍ന്നു. ഷമീന തിരിച്ചെത്തി കുഞ്ഞിനെക്കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അയ്യോ എന്ന് ഉറക്കെവിളിച്ച് പൊട്ടിക്കരഞ്ഞ് ആദ്യം അന്വേഷണത്തിനു പുറത്തിറങ്ങിയതും ജസീലയായിരുന്നു.

മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നതു മാത്രം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. ജസീലയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത തേടുകയാണു പൊലീസ്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ, എന്തായിരുന്നു യഥാര്‍ഥ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പരിശോധനയുണ്ടാകുമെന്നു താമരശേരി ഡിവൈഎസ്പി വ്യക്തമാക്കി.