ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററും അവതാരകനുമായ വിനു വി ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി തലസ്ഥാന ജില്ലയിലെ സിറ്റി കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504 (ഉദ്ദേശ്യപൂര്‍വ്വം സമാധാനം ലംഘിക്കുന്നതിന് പ്രകോപനം നല്‍കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് അപമാനിക്കുക ), 116 (തടവു നല്‍കി ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിനുള്ള പ്രേരണ നല്‍കല്‍ കുറ്റം ചെയ്യല്‍), 506 (കുറ്റകരമായ ഭയപ്പെടുത്തല്‍), 107 ( കുറ്റം ചെയ്യിക്കാനുള്ള പ്രേരണ), 2010 കേരളാ പോലീസ് നിയമത്തിലെ 120 (ഒ) എന്നീ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

2022 മാര്‍ച്ച്‌ 28 ന് എടുത്ത കേസില്‍, 2023 ഫെബ്രുവരി 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ വിനുവിന് നോട്ടീസ് നല്‍കിയിരുന്നു. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനാണ് 2022 മാര്‍ച്ച്‌ മാസം കേസെടുത്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ ചര്‍ച്ചയാണ് കേസ് വീണ്ടും കുത്തി പൊക്കാന്‍ കാരണമെന്നാണ് സൂചന.

2022 മാര്‍ച്ച്‌ മാസം 28ന് രാത്രി നടത്തിയ ചര്‍ച്ചയിലെ പരാമര്‍ശത്തിനാണ് കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 28ന് കേസെടുത്തത്. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതാകട്ടെ പിന്നെയും 10 മാസങ്ങള്‍ക്ക് ശേഷവും. ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ യാസിറിന് തിരൂരില്‍ വെച്ച്‌ സമരാനുകൂലികളുടെ ക്രൂരമായ മര്‍ദനമേറ്റിരുന്നു. അതേക്കുറിച്ച്‌ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സിഐടിയു സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ അംഗവുമായ എളമരം കരീം പറഞ്ഞത്

‘ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി എന്നൊക്കെ പരാതികള്‍’ വരുന്നത് പണിമുടക്ക് തകര്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോണ്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘എളമരം കരീം പോകുന്ന വണ്ടി ഒന്ന് അടിച്ച്‌ പൊട്ടിക്കണമായിരുന്നു. കുടുംബ സമേതമാണങ്കില്‍ അവരെ ഇറക്കിവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ മൂക്കില്‍ നിന്ന് ചോര വരുത്തണമായിരുന്നു’ എന്നായിരുന്നു വിനുവിന്റെ പരാമര്‍ശം. ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം.

ഇതേതുടര്‍ന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എളമരം പരാതി നല്‍കിയത്. ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞാണ് എളമരം കരീം പരാതി നല്‍കിയത്. അന്ന് തന്നെ ഐപിസിയിലെ നാല് വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിനു വി ജോണിനെതിരെ സിപിഎം സൈബര്‍ പോരാളികള്‍ വിദ്വേഷ പ്രചാരണവും നടത്തി. വിനുവിന്റെ വീടിന് സമീപവും തിരുവനന്തപുരം നഗരത്തിലും പോസ്റ്ററുകള്‍ പതിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജ്യണല്‍ ബ്യൂറോയിലേക്കും തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കും മാര്‍ച്ച്‌ സംഘടിപ്പിച്ചു.

എന്നാല്‍ കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ അകമ്പടി സംബന്ധിച്ച്‌ അടുത്തടുത്ത ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചതോടെയാണ് വിനു വി ജോണിനെതിരായ നീക്കങ്ങള്‍ പോലീസ് വീണ്ടും തുടങ്ങിയതെന്നാണ് വിവരം.

2023 ഫെബ്രുവരി 23 രാവിലെ 11 മണിക്ക് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു പോലീസ് നിര്‍ദ്ദേശം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാഫി ബിഎം നല്‍കിയ നോട്ടീസില്‍ മേലില്‍ സമാന കുറ്റങ്ങള്‍ ചെയ്യരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുള്ള നിര്‍ദേശങ്ങളുണ്ട്. പോലീസ് നോട്ടീസ് നല്‍കിയ വിവരം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു,

ഇന്ത്യയിലെ ബിബിസി ഓഫീസുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ് നടത്തിയ റെയ്ഡിനെ ‘മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി’യെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും മുഖ്യമന്ത്രി പിണറായി വിജയനും വിശേഷിപ്പിക്കുമ്ബോഴാണ് ചാനല്‍ ചര്‍ച്ചയുടെ പേരില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളെ കുരിശില്‍ തറയ്ക്കാന്‍ നോക്കുന്നതെന്നതാണ് വിചിത്രം.