ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബോൾട്ടനിൽ നിന്നും കാണാതായ 11 വയസ്സുകാരി പെൺകുട്ടിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഫറ്റുമാ കാദിറിനെ ആണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ നിന്നും വ്യാഴാഴ്ച കാണാതായത്. പെൺകുട്ടി വ്യാഴാഴ്ച രാത്രി മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ട്രെയിനിൽ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മകളോട് എത്രയും വേഗം വീട്ടിലേക്ക് തിരിച്ചു വരണമെന്നും തങ്ങൾ അവൾക്കായി കാത്തിരിക്കുകയാണെന്നും മാതാപിതാക്കളായ അഷീമും മിസ്രയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11ന് പെൺകുട്ടി ലണ്ടൻ ബ്രിഡ്ജ് ട്യൂബ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട് എന്നാണ് പോലീസ് അനുമാനിക്കുന്നത്. പെൺകുട്ടിയെ മറ്റൊരു പുരുഷനോടും സ്ത്രീയോടുമൊപ്പം സ്റ്റേഷനിൽ കണ്ടെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവർ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ചവരാണ് എന്നാണ് പോലീസ് കരുതുന്നത്.
പെൺകുട്ടിയുടെ സുരക്ഷയെ സംബന്ധിച്ച് തങ്ങൾക്ക് അതിയായ ആശങ്കയുണ്ടെന്നും, വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും ഡിസിപി പോൾ റോളിൻസൺ അറിയിച്ചു. പെൺകുട്ടിയുടെ പക്കൽ മൊബൈൽ ഉണ്ടെങ്കിലും, ഇപ്പോൾ പ്രവർത്തനരഹിതമാണ് എന്ന് അധികൃതർ വ്യക്തമാക്കി. എന്താണ് പെൺകുട്ടി മാതാപിതാക്കളെ ഉപേക്ഷിച്ചു പോകാനുള്ള കാരണം എന്ന് ഇതുവരെയും വ്യക്തമല്ല.
Leave a Reply