ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഈസ്റ്റ് സസ്സെക്സ് :- 10 മില്യൻ പൗണ്ട് വിലവരുന്ന കൊക്കെയിൻ ഫ്രീസ് ചെയ്ത മത്സ്യങ്ങളുടെ ഇടയിൽനിന്നും പോലീസ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഈസ്റ്റ് സസ്സെക്സിലെ ന്യൂഹേവൻ പോർട്ടിൽ വെച്ചാണ് പോലീസ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോഗ്രാം അടങ്ങുന്ന 97 ഓളം പാക്കേജുകൾ ആണ് വാനിൽ നിന്നും കണ്ടെടുത്തത്. നാഷണൽ ക്രൈം ഏജൻസി നൽകുന്ന കണക്കനുസരിച്ച് ഏകദേശം 10 മില്യൺ പൗണ്ടോളം ഇവയ്ക്ക് വില വരുമെന്നാണ് നിഗമനം. മെയ്‌ഡെൻഹെഡിൽ നിന്നുള്ള അൻപത് കാരനായ ജെയിംസ് സാറ്റെർലി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഇയാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
നാഷണൽ ക്രൈം ഏജൻസി സസ്സെക്സ് പോലീസ് ഫോഴ്‌സിനോടും, തെംമസ് വാലി ഫോഴ്‌സിനോടും, ബോർഡർ ഫോഴ്‌സിനോടും ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും, കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും സീനിയർ ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ പോൾ മോറിസ് രേഖപ്പെടുത്തി. കൊക്കെയിൻ പോലുള്ള ക്ലാസ്സ് എ മയക്കുമരുന്നുകടത്തിൽ ഉൾപ്പെട്ടിട്ടുള്ള സംഘങ്ങളെ അന്വേഷിച്ചു വരികയാണെന്നും, ഇത്തരത്തിലുള്ള സംഘങ്ങളെ നിർമ്മാർജ്ജനം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇത്തരത്തിലുള്ള മയക്കു മരുന്നുകളുടെ ഉപയോഗം ആണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
Leave a Reply