ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് ചാൻസലർ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് ടാക്സ് വെട്ടിപ്പിനായി ഉപയോഗിക്കുന്നതായി പുതിയ ആരോപണം ഉയർന്നു വന്നിരിക്കുകയാണ്. നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരം ബ്രിട്ടന് പുറത്തുള്ള സമ്പാദ്യങ്ങൾ ക്ക് ബ്രിട്ടണിൽ ടാക്സ് നൽകേണ്ടതില്ല. ഇന്ത്യയിലെ സമ്പന്നന്മമാരിൽ ഒരാളുടെ മകളായ അക്ഷത ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരമാണ് ജീവിക്കുന്നത്. ഇതിലൂടെ കോടികളുടെ സമ്പാദ്യങ്ങൾക്ക് ടാക്സ് നൽകാതിരിക്കാൻ ആണ് ഇവർ ശ്രമിക്കുന്നത് എന്നാണ് പുതിയതായി ഉയർന്നുവന്നിരിക്കുന്ന വിവാദം. തന്റെ എല്ലാ സമ്പാദ്യങ്ങൾക്കും കൃത്യമായ ടാക്സ്‌ താൻ നൽകുന്നുണ്ടെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. എന്നാൽ ഇതുസംബന്ധിച്ച് ഉടൻ തന്നെ ഇരുവരും കൃത്യമായ വിശദീകരണം നൽകണമെന്നാണ് ലേബർ പാർട്ടി ഷാഡോ ട്രഷറി മിനിസ്റ്റർ ട്യൂലിപ് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാഷൻ ഡിസൈനർ ആയ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യൻ പൗരത്വം ഉള്ള വ്യക്തിയാണ് അക്ഷത. എന്നാൽ ഇന്ത്യൻ പൗരൻമാർക്ക് വേറൊരു രാജ്യത്തിലെ പൗരത്വം ഇന്ത്യ അനുവദിക്കാത്തത് മൂലമാണ് ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസിൽ ജീവിക്കുന്നതെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. 2009 ലാണ് റിഷി സുനകുമായുള്ള അക്ഷതയുടെ വിവാഹം നടക്കുന്നത്. ഇൻഫോസിസ് ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 1% ഷെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ഇതു തന്നെ ഏകദേശം 500 മില്യൺ പൗണ്ടിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ. യാതൊരുവിധ ടാക്സ്‌ തട്ടിപ്പും നടത്തുന്നില്ലെന്ന ശക്തമായ വിശദീകരണമാണ് അക്ഷതയുടെ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.