ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ 130 മില്യൺ പൗണ്ട് വിലമതിക്കുന്ന കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഏകദേശം 1,000 പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. ജൂണിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടത്തിയ റെയ്ഡുകളിൽ 180,000-ത്തിലധികം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന 20 തോക്കുകളും 636,000 പൗണ്ട് പണവും 20 കിലോ കൊക്കെയ്നും റെയ്‌ഡിൽ പിടിച്ചെടുത്തു. യുകെയിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഓപ്പറേഷനുകളിൽ ഒന്നാണ് ഇത്.
കള്ളപ്പണം വെളുപ്പിക്കൽ, ക്ലാസ് എ മയക്കുമരുന്ന് കടത്ത്, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടിത ക്രൈം സംഘങ്ങളുടെ വരുമാന സ്രോതസിനെ ലക്ഷ്യമിട്ടായിരുന്നു പൊലീസിൻെറ പ്രവർത്തനം എന്ന് അധികൃതർ വ്യക്തമാക്കി. ഹെറോയിൻ അല്ലെങ്കിൽ കൊക്കെയ്ൻ പോലുള്ള ക്ലാസ് എ ലഹരി പദാർത്ഥമല്ല കഞ്ചാവ്. എന്നാൽ ക്രിമിനൽ സംഘങ്ങളുടെ അനധികൃത വരുമാനത്തിന്റെ പ്രധാന ഉറവിടമായി ഇവ വൻ തോതിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. ക്രിമിനൽ സംഘങ്ങളുടെ പ്രധാന വരുമാന സ്രോതസ് മനസിലാക്കി ഇതിൽ ബന്ധപ്പെട്ടവരെ പിടികൂടുക എന്നതായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.
രാജ്യത്തെ ക്രിമിനൽ കേസുകളുടെ എണ്ണം പൊലീസിൻെറ പുതിയ നടപടികൾ വഴി ക്രമാതീതമായി കുറഞ്ഞതായി നാഷണൽ പോലീസ് ചീഫ്‌സ് കൗൺസിൽ മേധാവി ( എൻ.പി.സി.സി) ലീഡ് സ്റ്റീവ് ജുപ്പ് പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 43 പോലീസ് സേനകളിൽ നിന്നുള്ള 11,000 ഉദ്യോഗസ്ഥരും ദേശീയ ക്രൈം ഏജൻസിയും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റും ജൂണിൽ മാത്രം 1,000 വാറന്റുകളാണ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ 450 ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Leave a Reply