കടയ്ക്കലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയ്ക്കൽ കോട്ടപ്പുറം, പച്ചയിൽ സ്വദേശിനി ഷീലയെയാണ്(50) വീടിനു സമീപത്തെ റബ്ബർതോട്ടത്തിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ബന്ധുക്കളുമായി ഷീല വസ്തു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം വീടുവിട്ടിറങ്ങിയ ഷീലയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ വിവരമറിയിച്ചു. രാവിലെ നടത്തിയ തിരച്ചിലിലാണ് റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഷീലയുടെ മൃതദേഹം കണ്ടത്.
തർക്കത്തിന് ശേഷം ഷീലയെ ബന്ധു കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മൻമണി ആരോപിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ ആണെന്നാണ് പോലീസിന്റെ നിഗമനം. കൃത്യമായ അന്വഷണം നടത്തണമെന്നാണ് ഷീലയുടെ വീട്ടുകാർ ആവശ്യപ്പെടുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അതിനിടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുള്ളവരെയും സമീപവാസികളെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനും പൊലീസ് നീക്കം തുടങ്ങി. സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.











Leave a Reply