ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യയും വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന വിന്നി മണ്ടേല (81) അന്തരിച്ചു. ദീര്‍ഘ കാലമായി അസുഖ ബാധിതയായിരുന്ന വിന്നി മണ്ടേല ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്ന മരണം. നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പവും അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിരുന്ന കാലഘട്ടത്തിലും നടന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്നു വിന്നി മണ്ടേല. ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡ് എന്ന പ്രദേശത്ത് 1936ലായിരുന്നു വിന്നിയുടെ ജനനം. മെട്രിക്കുലേഷന് ശേഷം സാമൂഹ്യസേവനത്തില്‍ ഉപരിപഠനം നടത്താന്‍ ജൊഹന്നാസ്ബര്‍ഗിലെത്തിയതോടെയാണ് വിന്നിയുടെ ജിവീതം വഴിത്തിരിവുണ്ടാകുന്നത്. അവിടെ വെച്ചായിരുന്നു നെല്‍സണ്‍ മണ്ടേലയുമായുള്ള കൂടിക്കാഴ്ച്ച. 1984ലാണ് വിന്നിയുടെ ആത്മകഥ ‘പാര്‍ട്ട് ഓഫ് മെ സോള്‍’ പുറത്തിറങ്ങുന്നത്. വിമോചന പോരാട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതായിരുന്നു ആത്മ കഥ.

1958 ജൂണിലാണ് നെല്‍സണ്‍ മണ്ടേലയും വിന്നിയുമായുള്ള വിവാഹം നടക്കുന്നത്. അന്ന് വിന്നിക്ക് 22 വയസ്സായിരുന്നു. വിവാഹ ശേഷം അധിക കാലം ഒന്നിച്ചു ജീവിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഭരണ വര്‍ഗ വിരുദ്ധ പോരാട്ടം നയിച്ച മണ്ടേല ജയിലിലായി. രാജ്യത്ത് നടന്ന അനീതികള്‍ക്കെതിരെ ശക്തമായ സാന്നിധ്യമായിരുന്ന മണ്ടേലയ്ക്ക് അന്ന് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. ഭര്‍ത്താവ് തടവറയിലായിട്ടും തളരാതെ രാഷ്ട്രീയ പോരാട്ടങ്ങള്‍ തുടര്‍ന്ന വിന്നി അക്കാലത്തെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായിരുന്നു. മണ്ടേല ജയിലിലായിരുന്ന കാലഘട്ടത്തില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് വിന്നി കുടുംബം പുലര്‍ത്തിയിരുന്നുത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന വിന്നിയുടെ അക്കാലത്തെ പ്രസംഗങ്ങള്‍ ലോക ശ്രദ്ധയാകര്‍ശിച്ചവയായിരുന്നു.

മണ്ടേല ഒളിവിലായിരുന്ന കാലഘട്ടങ്ങളില്‍ ഇവരുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. രണ്ട് തവണ അക്രമികള്‍ വീടിന് നേരെ ബോംബെറിഞ്ഞു. എന്നാല്‍ അവയെല്ലാം തരണം ചെയ്താണ് വിന്നി ജീവിച്ചത്. ഭര്‍ത്താവിന്റെ ജയില്‍ മോചനത്തിനായി വിന്നി നിയമ പോരാട്ടം നടത്തിയതോടെയാണ് വിന്നി ലോക ശ്രദ്ധ നേടുന്നത്. 1990 മണ്ടെല ജയില്‍ മോചിതനായതിന് ശേഷം അവരുടെ ദാമ്പത്യം അധിക കാലം മുന്നോട്ട് പോയില്ല. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. 1996 ല്‍ വിവാഹ മോചനവും നേടി. മണ്ടേല മന്ത്രിസഭയിലെ കലാ-സാംസ്‌കാരിക, ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ആയിരുന്നു വിന്നി. 1995ല്‍ നേരിട്ട അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയും ചെയ്തു.