തൃശൂരില്‍ കോവി‍ഡ് ബാധിച്ച യുവാവിന്റെ രോഗം മാറി. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷണത്തിനു ശേഷം ആശുപത്രി വിടാം. അതേസമയം, ഫ്രാന്‍സില്‍ നിന്ന് വന്ന തൃശൂരില്‍ നഗരപ്രദേശത്തുള്ള ഒരു യുവതിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു.

ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതിയ്ക്കായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ. ചികില്‍സയിലൂടെ രോഗം മാറി. പിന്നെ, ഖത്തറില്‍ നിന്ന് എത്തിയ മതിലകം കൂളിമുട്ടം സ്വദേശിയായ യുവാവിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഈ യുവാവിന്റെ രോഗവും മാറി. പക്ഷേ, ആശുപത്രി വിടണമെങ്കില്‍ രണ്ടാഴ്ച കൂടി ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയണം. ഫ്രാന്‍സില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുപ്പതുകാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഫ്രാന്‍സില്‍ നിന്ന് എത്തിയത് കഴിഞ്ഞ പതിനേഴിനായിരുന്നു. അതിനു ശേഷം വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തൊണ്ടവേദന കൂടിയതോടെ ഇരുവരേയും 20ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ ചില കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. ആ കടകള്‍ പൂട്ടി. ഇവരുമായി ബന്ധപ്പെട്ട അന്‍പതു പേരെ നിരീക്ഷണത്തിലാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശത്തു നിന്ന് വന്ന തൃശൂര്‍ സ്വദേശികള്‍ക്കു മാത്രമാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ നിന്ന് നാട്ടുകാരായ ആര്‍ക്കും രോഗം കിട്ടാത്തതാണ് തൃശൂരിനെ സംബന്ധിച്ചുള്ള ആശ്വാസം.

കൊല്ലത്ത് റോഡുകളില്‍ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണര്‍ നേരിട്ട് ഇടപെട്ടു. നഗരത്തില്‍ വാഹനങ്ങളില്‍ കൂടുതലായി എത്തിയവരെ കമ്മിഷണര്‍ ടി.നാരായണന്റെ നേതൃത്വത്തില്‍ നിയന്ത്രിച്ചു.

പലയിടത്തും ജനക്കൂട്ടവും ഉണ്ടായിരുന്നു. പൊലീസ് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും പലരും വീടുകളിലേക്ക് മടങ്ങിയില്ല. അവശ്യസാധനങ്ങള്‍ക്കായി പോയവരെ മാത്രമേ കടത്തിവിടൂവെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.