ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നായയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കർശന നടപടികളുമായി പോലീസ് രംഗത്ത് വന്നു. വ്യാഴാഴ്ചയാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീയിൽ ജോനാഥൻ ഹോഗ് (37) നായയുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. സംഭവത്തോട് അനുബന്ധിച്ച് 22 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർനടപടിയായി 15 നായ്ക്കളെ പിടികൂടിയിട്ടുണ്ട്.
കൊല്ലപ്പെട്ട ജോനാഥൻ ഹോഗിനെ ആക്രമിച്ച നായയെ കീഴ്പ്പെടുത്താൻ സാധിക്കാത്തതിനെത്തുടർന്ന് വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചിരുന്നു. പിന്നീട് രണ്ടു വീടുകളിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് പോലീസ് 6 വളർച്ചയെത്തിയ നായ്ക്കളെയും 9 നായ്ക്കുട്ടികളെയും പിടികൂടി. പിടികൂടിയ നായ്ക്കളെല്ലാം ആക്രമണകാരിയായ നായയുടെ അതേ ഇനമാണെന്നാണ് കരുതപ്പെടുന്നത്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ആണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും പോലീസ് ഓഫീസർ ജോൺ ഡേവിഡ് സംഭവത്തെക്കുറിച്ച് പറഞ്ഞു.
Leave a Reply