ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇനിമുതൽ ഇംഗ്ലണ്ടിലും വെയിൽസിലും മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്തുന്നതിനായി കൂടുതൽ അധികാരങ്ങൾ പോലീസിന് നൽകാൻ തീരുമാനമായി. ഇതിൻറെ ഭാഗമായി മോഷ്ടിച്ച ഫോണുകൾക്കോ മറ്റ് ഇലക്ട്രോണിക് ജിയോടാഗ് ചെയ്ത വസ്തുക്കൾക്കോ വേണ്ടി തിരയുന്നതിന് വാറണ്ടില്ലാതെ തന്നെ നിയമപാലകർക്ക് സാധിക്കും . പരാതി കിട്ടിയാൽ ഉടനെ നടപടി സ്വീകരിക്കാൻ ഇതുമൂലം പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാധനങ്ങൾ മോഷ്ടിക്കുന്ന കുറ്റവാളികൾക്ക് തങ്ങളുടെ മോഷണ മുതൽ ഒളിപ്പിക്കാൻ കുറച്ച് സമയം ലഭിക്കുന്നതുമൂലം കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കുന്നതിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനും ഇതുമൂലം പോലീസിന് സാധിക്കും എന്നാണ് ഈ മാറ്റത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.

ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ഈ ബില്ല് പ്രധാനമായും ഇംഗ്ലണ്ടിലും വെയിൽസിലുമാണ് ബാധകമാകുന്നത്. മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ തടയാൻ നിലവിലെ നിയമങ്ങളിൽ ഒട്ടേറെ മാറ്റങ്ങളും ഇന്ന് അവതരിപ്പിക്കുന്ന നിയമങ്ങളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് കൺസർവേറ്റീവ് പാർട്ടി അവതരിപ്പിക്കാനിരുന്ന ക്രിമിനൽ ജസ്റ്റിസ് ബില്ലിനെ ഉപജീവിച്ചാണ് പുതിയ നിയമ ഭേദഗതികൾ അവതരിപ്പിക്കുന്നത്.

മോഷ്ടിക്കപ്പെട്ട ഒരു വസ്തുവിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞു കഴിഞ്ഞ് കോടതിയിൽ നിന്ന് വാറണ്ട് കിട്ടുക എന്നത് അപ്രായോഗികമായ സാഹചര്യത്തിൽ പോലീസിന് എവിടെയും പരിശോധിക്കുവാൻ അനുവാദം നൽകുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. കുറ്റകൃത്യം നടന്നതിനു ശേഷമുള്ള നിർണ്ണായക സമയം പോലീസിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ മാറ്റം വഴി സാധിക്കുമെന്ന് ഹോം ഓഫീസ് അഭിപ്രായപ്പെട്ടു. ഇതുകൂടാതെ കുട്ടികളെ വിവിധ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന സാമൂഹിക വിരുദ്ധർക്ക് 10 വർഷം വരെ തടവ് ലഭിക്കുന്ന നിയമനിർമ്മാണവും പരിഗണനയിലുണ്ട്.
	
		

      
      



              
              
              




            
Leave a Reply