ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ്ഹാളിലെയും ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 50-ലധികം ആളുകൾക്ക് ഇമെയിൽ അയക്കാൻ മെട്രോപൊളിറ്റൻ പോലീസ്. 2020 മെയ്ക്കും 2021 ഏപ്രിലിനും ഇടയിൽ നടന്ന പന്ത്രണ്ട് പാർട്ടികളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്കാണ് ഇമെയിൽ അയക്കുക. പോലീസിന്റെ ചോദ്യങ്ങൾ അടങ്ങിയ മെയിലിന് ഇവർ ഉത്തരം നൽകണം. ഇമെയിൽ ലഭിച്ചവർ സത്യസന്ധമായി ഉത്തരം നൽകണമെന്ന് പോലീസ് പറഞ്ഞു. ഇമെയിൽ അയച്ചവരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയും ഉണ്ടെന്നാണ് വിവരം.

ഏഴ് ദിവസത്തിനുള്ളിൽ ഇമെയിലിന് മറുപടി നൽകണമെന്ന് മെറ്റ് പോലീസ് അറിയിച്ചു. എട്ടു തീയതികളിലാണ് പന്ത്രണ്ടു പാർട്ടികൾ നടന്നത്. പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ ഹിൽമാൻ എന്നറിയപ്പെടുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ കണ്ടെത്തലുകളാണ് പോലീസ് അന്വേഷണത്തിന് വഴിയൊരുക്കിയത്. മാപ്പ് പറഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും ടോറി വിമതരും മുറവിളി കൂട്ടുകയാണ്. 2020 ഡിസംബർ 15ന് നടന്ന ക്രിസ്മസ് ക്വിസിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഡെയിലി മിറർ പുറത്തുവിട്ടിരുന്നു. ഇത് അന്വേഷിക്കേണ്ടതില്ലെന്ന് മെറ്റ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഡൗണിങ് സ്ട്രീറ്റിൽ നടന്ന ക്രിസ്മസ് ക്വിസ് അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.