ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഡോവറിലെ അഭയാർത്ഥി ക്യാമ്പിലേയ്ക്ക് ഒരാൾ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. സംഭവത്തോട് അനുബന്ധിച്ച് പോലീസ് ഒരു വീട്ടിൽ തിരച്ചിൽ നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ചയാണ് ഒരാൾ അഭയാർത്ഥി കേന്ദ്രത്തിലേയ്ക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞത്. ആക്രമണം നടത്തിയ ആളെ പിന്നീട് പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത കൂട്ടുകയും ചെയ്തു. ആക്രമണം നടത്തിയ ആൾ വൈകോംബ് ഏരിയയിൽ താമസിക്കുന്ന 66 വയസ്സുകാരനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതായി കെന്റ് പോലീസ് സ്ഥിരീകരിച്ചു.
ആക്രമണത്തിന് തീവ്രവാദ സ്വഭാവമില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിലുള്ള രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് കെന്റ് കൗണ്ടിയിലെ കൗൺസിലർ നൈജൽ കോളർ പറഞ്ഞു .
എന്നാൽ പ്രസ്തുത സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർത്ഥി നയത്തിനോട് കടുത്ത വിമർശനങ്ങളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നു വന്നിരിക്കുന്നത് . അഭയാർത്ഥികളെ റുവാണ്ടയിലെ ക്യാമ്പുകളിലേയ്ക്ക് അയക്കുന്നതിനു പകരം ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്ന വികാരം . റഷ്യയുടെ ഉക്രൈൻ ആക്രമണം ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
Leave a Reply