അനധികൃത ഡ്രോണ്‍ ഉപയോഗം തടയുന്നതിനായി പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്ന് ഗവണ്‍മെന്റ്. വിമാനത്താവളങ്ങള്‍ക്കും ചുറ്റും ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന മേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കും. 250 ഗ്രാം മുതല്‍ 20 കിലോ വരെ ഭാരമുള്ള ഡ്രോണുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് നവംബര്‍ 30 മുതല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപനം പറയുന്നു. ഈ നടപടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ സ്വീകരിക്കേണ്ടതായിരുന്നുവെന്നാണ് ലേബര്‍ പറയുന്നത്. എയര്‍ഫീല്‍ഡില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 36 മണിക്കൂറോളം മുടങ്ങിയിരുന്നു. ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച് ജൂലൈയില്‍ ആരംഭിച്ച കണ്‍സള്‍ട്ടേഷന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ എത്തിയത്.
ഗാറ്റ്വിക്കിലുണ്ടായതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍, ജയിലുകള്‍ എന്നിവയോട് അനുബന്ധിച്ച് ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനുമുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. ഡ്രോണുകള്‍ നിലത്തിറക്കാനും അവയുടെ ഓപ്പറേറ്റര്‍മാരോട് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെടാനുള്ള അധികാരവും പുതിയ നിയമം പോലീസിന് നല്‍കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ ഡ്രോണുകളും അവയില്‍ ശേഖരിച്ചിരിക്കുന്ന ഡിജിറ്റല്‍ ഡേറ്റയും പിടിച്ചെടുക്കാന്‍ പോലീസിന് അധികാരം ലഭിക്കും. ഇതിനായി ഓപ്പറേറ്റര്‍മാരുടെ താമസസ്ഥലങ്ങളില്‍ പോലും പരിശോധന നടത്താനുള്ള അധികാരവും ലഭിക്കും.
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് 100 പൗണ്ട് വരെ പിഴ നല്‍കുന്ന പെനാല്‍റ്റി നോട്ടീസുകളായിരിക്കും നല്‍കുക. ഡ്രോണ്‍ താഴെയിറക്കാന്‍ ഒരു ഓഫീസര്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാതിരിക്കുക, രേഖകള്‍ കാട്ടുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായിരിക്കും ഈ ശിക്ഷ. രജിസ്റ്റര്‍ ചെയ്ത ഡ്രോണ്‍ ഉപയോക്താക്കള്‍ ഒരു ഓണ്‍ലൈന്‍ കോംപീറ്റന്‍സി ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 400 അടിക്കു മുകളില്‍ ഡ്രോണുകള്‍ പറത്തുന്നത് നിയനവിരുദ്ധമായി കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.
Leave a Reply