കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യാന്‍ നീക്കം. അന്വേഷണ സംഘമാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രഹസ്യ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി ആരോപിക്കുന്ന രേഖകള്‍ വ്യാജമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സിനഡില്‍ ഒരു വിഭാഗം വൈദികര്‍ അവതരിപ്പിച്ച ഈ രേഖകളുടെ ഉറവിടമാണ് പോലീസ് തേടുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് സംശയിക്കുന്നു. സഭയുടെ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാടിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രേഖകള്‍ ആദ്യം കൈമാറിയത് ഇദ്ദേഹമായിരുന്നു. രേഖകള്‍ തേലക്കാടിന്റെ അറിവോടെയാണോ തയ്യാറാക്കിയതെന്നും എവിടെ നിന്നാണ് അവ ലഭിച്ചതെന്നും അന്വേഷിക്കും.
തേലക്കാട് നല്‍കിയ രേഖകള്‍ സിനഡിന് മുന്‍പാകെ ഹാജരാക്കിയ അഡ്മിനിസ്‌ട്രേറ്ററര്‍ ജേക്കബ് മാനന്തോടത്തിനെയും മൊഴി എടുക്കും. ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലബ്ബ് മെബര്‍ഷിപ്പിനായി കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള ചില ബിഷപ്പുമാര്‍ പണം കൈമാറിയെന്ന ആരോപണം സിനഡിന് മുന്‍പെ തന്നെ പല യോഗങ്ങളിലും ചില വൈദികര്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയുന്നതിനായാണ് കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യുന്നത്.
Leave a Reply