കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത ശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകുമെന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എൻഐഎ അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉൾപ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ ഫലം ശോധന ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തുക.
Leave a Reply