ഇടുക്കി കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാര്‍ വട്ടമുകുളേല്‍ വിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. വിജേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡിവൈഎസ്പി പറഞ്ഞു.
ജഡം പൂര്‍ണമായി അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന വിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സബ്കലക്ടര്‍ അരുണ്‍ എസ്.നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ഭാര്യ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഭാര്യയുടെ വീട്ടില്‍ ഇക്കാര്യം വിജേഷ് ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് അനുമോളുടെ മാതാപിതാക്കളായ ജോണും ഫിലോമിനയും വിജേഷിന്റെ പേഴുംകണ്ടത്തെ വീട്ടിലെത്തി. മകളെ കുറിച്ച് തിരക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് ഇവരെ കയറ്റാതിരിക്കാന്‍ വിജേഷ് പരമാവധി ശ്രമിച്ചു. ദമ്പതികളെ തന്ത്രപൂര്‍വം മടക്കി അടച്ച ഇയാള്‍ മകളെയും കൂട്ടി വങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ അനുവിനെ കാണാതായെന്ന് കുടുംബം പൊലീസിലും പരാതി നല്‍കി.
തിങ്കളാഴ്ച വൈകിട്ട് ആയിട്ടും അനുവിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം ലഭിച്ചില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും ഉടന്‍ കട്ട് ചെയ്തു. ഇതോടെ സംശയം കൂടി. എന്നാല്‍ അനു മരിച്ചെന്ന് ഇവര്‍ കരുതിയിരുന്നില്ല. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കിയ ശേഷം അനുവിന്റെ സഹോദരനും മാതാപിതാക്കളും വീണ്ടും വിജേഷിന്റെ വീട്ടിലെത്തി. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തള്ളിത്തുറന്ന് അകത്ത് കേറിയതോടെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. വീടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കട്ടിലിനടിയിലെ കമ്പിളിയില്‍ ശ്രദ്ധ പതിഞ്ഞ്. പുതപ്പിന്റെ ഒരു ഭാഗം മാറ്റിയതോടെ ഒരു കൈ പുറത്തേക്ക് വന്നു. സംഭവം കണ്ട് ഇവര്‍ ഭയന്ന് നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെ കാണാനില്ലെന്ന വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചു.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. സ്‌കൂളിന്റെ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്ന അനുമോള്‍ വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയത്. പരിപാടിക്ക് വരാന്‍ ഒരുങ്ങിയിരുന്ന അനുവിനെ കാണാനില്ലെന്ന വാര്‍ത്തയാണ് പിന്നീട് സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. അനുമോളില്ലാതെ വാര്‍ഷികാഘോഷം നടന്നു. എന്നാല്‍ പിന്നീട് പ്രിയപ്പെട്ട അധ്യാപിക മരിച്ചെന്ന വാര്‍ത്തയാണ് സ്‌കൂളില്‍ അറിഞ്ഞത്.
കഴിഞ്ഞ കുറച്ചുനാളുകളായി വിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തക്കം കാരണം അനുമോള്‍ക്ക് ഉള്ളതായി ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ പരിപാടിക്ക് ഒരുങ്ങിയിരുന്ന അനുമോള്‍ ഇറങ്ങിപ്പോയെന്ന വാദം തുടക്കംമുതലേ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോള്‍ വിചിത്രമായി പെരുമാറിയതും തുടര്‍ന്ന് മകളെ സ്വന്തം വീട്ടിലാക്കി മുങ്ങിയതും വിജേഷിനെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
Leave a Reply