ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നുള്ള കലാപം യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മാഞ്ചസ്റ്ററിലും ഹളിലും കലാപങ്ങളിൽ പോലീസ് ജനക്കൂട്ടത്തിനുനേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. സൗത്ത്‌പോർട്ടിലെ കൊലപാതകത്തിന് പിന്നാലെ ലീഡ്‌സ്, സ്റ്റോക്ക്, ലിവർപൂൾ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനിടെ തീയിടാൻ ശ്രമിച്ച ഒരാളെ പോലീസ് ബാറ്റൺ ഉപയോഗിച്ച് ഓടിക്കുന്ന സംഭവവും ഉണ്ടായി. പ്രതിഷേധക്കാർ പ്രകടനക്കാരെ ആക്രമിക്കുന്ന വീഡിയോ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. ഇതിൽ പുരുഷൻമാർ മദ്യകുപ്പികൾ പിടിച്ച് നിൽക്കുന്നത് കാണാം. ഇരു സംഘങ്ങളിലെയും ആളുകൾ തമ്മിൽ അടി ഉണ്ടാക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

സംഘർഷം സൃഷ്ടിച്ചവരെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്‌തു. അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വാരാന്ത്യത്തിൽ യുകെയിൽ ഉടനീളം 35ലധികം പ്രകടനങ്ങളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. യൂണൈറ്റ് എഗെയ്ൻസ്റ്റ് ഫാസിസം, സ്റ്റാൻഡ് അപ്പ് ടു റേസിസം തുടങ്ങിയ ഗ്രൂപ്പുകളുടെ നിരവധി എതിർപ്രക്ഷോഭങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ന് തന്നെ രാജ്യത്ത് 24 പ്രതിഷേധങ്ങളാണ് നടന്നത്.