കോട്ടയം: ജലന്തര്‍ ബിഷപ്പ് കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.  വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി അടക്കം തെളിവുകള്‍ ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. അന്വേഷണ സംഘം ഉടന്‍ ജലന്തറിലേക്ക് പോകും. കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ പരാതി വ്യാജമെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം.  പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍.

കുറവിലങ്ങാട് നടുക്കുന്നിലെ മഠത്തില്‍വെച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി  സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിന് നൽകിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവർത്തിച്ചുവെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കം. ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കും. ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ ആഴ്ചതന്നെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.