ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ 70 ശതമാനം വിജയമാണെന്നാണ് ഏറ്റവും പുതിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. എന്നാൽ ഫൈസറിൻെറയും മഡോണയുടെയും വാക്സിനുകൾ 95 ശതമാനം ആളുകളിലും വിജയം കാണിച്ചിരുന്നു. പക്ഷേ ഫൈസറിൻെറയും മഡോണയുടെയും വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓക്സ്ഫോർഡ് വാക്സിൻെറ വില വളരെ കുറവാണ്. അതുമാത്രമല്ല സംഭരണവും വിതരണവും മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പമാണ് താനും. യുകെ ഗവൺമെൻറ് ഓക്സ്ഫോർഡ് വാക്സിൻ 100 മില്യൺ ഡോസ് ഓർഡർ ചെയ്തിരുന്നു. 100 മില്യൺ ഡോസ് കൊണ്ട് 50 മില്യൺ ആൾക്കാർക്ക് കോവിഡിനെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാനാവും.

യുകെയെ സംബന്ധിച്ചിടത്തോളം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിൻ രാജ്യത്തിൻറെ സ്വന്തമാണെന്ന നേട്ടവും കൂടിയുണ്ട്. വാക്സിൻെറ വിജയം അവിശ്വസിനീയവും ആവേശകരവുമായ വാർത്ത എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചത്. വാക്സിൻ പരീക്ഷണങ്ങളിൽ ഇതുവരെ ഇരുപതിനായിരം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തതിൽ പകുതി ആൾക്കാർ യുകെയിൽ നിന്നും മറ്റുള്ളവർ ബ്രസീലിൽ നിന്നും ആയിരുന്നു. യുകെയിൽ നാല് ദശലക്ഷം ഡോസുകൾ തയ്യാറാണെങ്കിലും അന്തിമ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതായി വരും.

അടുത്ത വർഷം ആദ്യം തന്നെ വാക്സിൻ ഇന്ത്യയിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ യുകെയിൽ അനുമതി കിട്ടുന്ന മുറയ്ക്ക് ഇന്ത്യയിലും വാക്സിൻ വിതരണം ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഡോക്ടർമാർ നേഴ്‌സുമാർ തുടങ്ങി ആരോഗ്യപ്രവത്തകർക്കായിരിക്കും ആദ്യം വാക്സിൻ ലഭ്യമാകുക.  ഇന്ത്യയിൽ വാക്സിൻെറ വില 500- 600 രൂപ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.