കൊച്ചി: ശബരിമല സന്ദര്‍ശിക്കാന്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് അറിയിച്ച് സംസ്ഥാനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അയച്ച കത്തിന് മറുപടി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ എത്തുന്ന എല്ലാ യുവതികള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. അതിനാല്‍ തൃപ്തി ദേശായിക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 17 ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി നേരത്തേ പറഞ്ഞിരുന്നു. മണ്ഡലകാലത്തിന് നട തുറക്കുന്ന സമയത്തു തന്നെയാണ് തൃപ്തി എത്തുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവും ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃപ്തി ദേശായിയെ തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയോടപ്പം മലകയറാനെത്തുക. മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. സംഘര്‍ഷമൊഴിവാക്കാന്‍ സമവായ ശ്രമങ്ങളുമായി നീങ്ങുന്നതിനിടെ തൃപ്തിയുടെ പ്രഖ്യാപനം സര്‍ക്കാരിന് തലവേദനയാകും.
Leave a Reply