പാലാ: ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശം ഏറെക്കുറേ ഉറപ്പായ സാഹചര്യത്തില്‍ എന്‍.സി.പിയിലെ ഒരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫിന് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. പാലാ സീറ്റിനെ ചൊല്ലിയുള്ള കലഹം മുതലാക്കി കാപ്പനെ യു.ഡി.എഫ്. പാളയത്തിലെത്തിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ജോസ് പോകുന്ന പക്ഷം പാലാ സീറ്റ് യു.ഡി.എഫ്. കാപ്പന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണെങ്കിലും നിലവില്‍ പി.ജെ. ജോസഫിനും അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്. തന്നെയുമല്ല, കാപ്പനെ നിര്‍ത്തി പാലാ പിടിച്ചെടുത്ത് ജോസിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനുള്ള അവസരമായും ജോസഫ് പക്ഷത്തുള്ളവര്‍ ഇതിനെ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസഫ് പക്ഷ നേതാക്കളുടെ അറിവോടെയാണ് കാപ്പനുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടുന്നത്.
ജോസും കാപ്പനും പാലായ്ക്കായി പിടിവലി തുടരുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. പാലാ ഇല്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്ന സന്ദേശമായിട്ടാണ് കാപ്പന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തെ യു.ഡി.എഫ്. കണ്ടത്. പാലാ ചങ്കാണെന്ന് കാപ്പനും ഹൃദയവികാരമാണെന്ന് ജോസും പറഞ്ഞുകഴിഞ്ഞു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ഉറപ്പ് കിട്ടിയ ശേഷം മാത്രമായിരിക്കും ജോസിന്റെ പ്രഖ്യാപനവും വരിക. കാപ്പന്‍ പോയാലും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കാനാണ് സാധ്യത.
ഒറ്റയ്ക്ക് പാര്‍ട്ടി വിട്ടാലും കൂറുമാറ്റം അടക്കമുള്ള നിയമപ്രശ്നങ്ങളില്‍ മുന്‍കരുതലെടുത്താകും അന്തിമ തീരുമാനം. നിലവില്‍ എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. അതിനാല്‍ മാണി സി. കാപ്പന്‍ വിട്ടുപോയാലും അത് കൂറുമാറ്റമായി കണക്കാക്കാനാകില്ല എന്ന വാദവുമുണ്ട്.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളൊക്കെയും മാണി സി. കാപ്പന്‍ നിഷേധിക്കുന്നുണ്ട്. വെറുതെ വാര്‍ത്തകള്‍ സൃഷടിക്കാന്‍ വേണ്ടി മാത്രുള്ള പ്രചാരണമാണ് അതൊക്കെയെന്നാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. വിഷയത്തില്‍ വെള്ളിയാഴ്ച്ച പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗം നടക്കും. അതിന് ശേഷം പ്രതികരിക്കാമെന്നാണ് കാപ്പന്‍ പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നാണ് യോഗം.
സീറ്റ് നഷ്ടപ്പെടുന്നതില്‍ എന്‍.സി.പിക്കുള്ളിലും അതൃപ്തിയുണ്ട്. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ നിലപാടും നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി യോഗം നടക്കാന്‍ പോകുന്നത്.
എന്നാല്‍, പിന്‍വാതില്‍ വഴി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പെ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ എന്‍.സി.പിയിലെ ഒരു വിഭാഗത്തിനുണ്ട്. ഈ അതൃപ്തി പ്രയോജനപ്പെടുത്താനാകുമോയെന്നാണ് യു.ഡി.എഫ്. നോക്കുന്നത്.
മാണിയുടെ വിയോഗത്തിന് ശേഷമാണ് കാപ്പനിലൂടെ എല്‍.ഡി.എഫിന് പാലാ സീറ്റില്‍ വിജയിക്കാനായത്. നിലവില്‍ സീറ്റിനെ ചൊല്ലി ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. അസ്വാരസ്യങ്ങള്‍ മുന്നണി മാറ്റത്തിന് കാരണമായേക്കാമെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളയുന്നുണ്ട്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Leave a Reply