ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രാഷ്ട്രീയക്കാരും പൊതുജനങ്ങളും എലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്ഫോം കൂട്ടത്തോടെ ഉപേക്ഷിക്കുന്നത് പരിഗണിക്കേണ്ട സമയമായതായി തുറന്നടിച്ചിരിക്കുകയാണ് ലിവർപൂൾ മേയർ സ്റ്റീവ് റോഥെറാം. കഴിഞ്ഞ ദിവസങ്ങളിൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങൾ മൂലം ലിവർപൂളിൽ ഉണ്ടായ കലാപത്തിന് ശേഷമായിരുന്നു മേയറുടെ ഈ പ്രതികരണം. രണ്ടാഴ്ച മുൻപ് ലിവർപൂളിലെ സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി മുസ്ലിം കുടിയേറ്റക്കാരനാണെന്ന തെറ്റായ വാർത്തയായിരുന്നു എക്സിലൂടെ പ്രചരിച്ചത്. ഇത് തീവ്ര വലതുപക്ഷ ചിന്തകർക്കിടയിൽ കൂടുതൽ മുസ്ലിം വിരുദ്ധ വികാരങ്ങൾ സൃഷ്ടിക്കുകയും, കലാപത്തിന് കാരണമാവുകയും ചെയ്തു. ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിൽ നിന്ന് നമ്മൾ കൂട്ടത്തോടെ പിന്മാറണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മേയർ വ്യക്തമാക്കി. രണ്ട് ലേബർ എംപിമാർ നിലവിൽ തന്നെ ഈ പ്ലാറ്റ്ഫോം ഉപേക്ഷിച്ചതായി തിങ്കളാഴ്ച ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. സയൻസ് ആൻഡ് ടെക്‌നോളജി സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് ലേബർ എംപിമാർ തങ്ങൾ മറ്റ് ഓപ്ഷനുകൾ പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിഭജനങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റും മസ്ക് തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായി തങ്ങൾക്ക് വ്യക്തമായി കാണാമെന്ന് ന്യൂകാസിൽ ലേബർ എംപി ചി ഒൻവുറ മാധ്യമങ്ങളോട് പറഞ്ഞു. എലോൺ മസ്‌കിൻ്റെ സമീപകാല ഓൺലൈൻ പെരുമാറ്റം അപകടകരവും നിരുത്തരവാദപരവുമാണ്. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സമീപകാല കലാപങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രകോപനപരമായ പോസ്റ്റുകളും തീവ്ര വലതുപക്ഷ ചിന്താഗതിയെ പ്രചരിപ്പിക്കുന്നതാണെന്ന് ബ്രെൻ്റ് ഈസ്റ്റിലെ ലേബർ എംപിയായ ഡോൺ ബട്ട്‌ലർ വ്യക്തമാക്കി.

2022 ൽ ട്വിറ്റർ വാങ്ങിയ എലോൺ മസ്ക്, അതിന്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നാൽ കുറേക്കാലമായി ഈ പ്ലാറ്റ്ഫോം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയിടാൻ ശ്രമിക്കുന്നില്ലെന്ന വിമർശനങ്ങൾ പരക്കെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയകൾ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ഗവൺമെന്റിന് ശക്തമായി ഇടപെടേണ്ടി വരുമെന്ന് ലിവർപൂൾ മേയർ ഓർമിപ്പിച്ചു. ഓൺലൈൻ സുരക്ഷാ നിയമം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ ലണ്ടൻ മേയർ സാദിഖ് ഖാന്റെ അഭിപ്രായത്തോട് താൻ പൂർണ്ണമായി യോജിക്കുന്നതായി റോഥെറാം വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ശക്തമായ നിയന്ത്രണം നേരിടേണ്ടിവരുമെന്ന് ഡൗണിംഗ് സ്ട്രീറ്റും സൂചിപ്പിച്ചു. കലാപത്തിനുശേഷം നടത്തിയ പ്രതികരണത്തിൽ സോഷ്യൽ മീഡിയകളെ സംബന്ധിച്ച് കൂടുതൽ വിശാലമായ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വ്യക്തമാക്കിയിരുന്നു. എക്‌സിന് ആളുകൾ ബദലുകൾ തേടുന്നു എന്നതിന്റെ സൂചനയായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈ തങ്ങളുടെ സൈനപ്പുകളിൽ വർദ്ധനയുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ യുകെയിൽ ഉടനീളം എക്സിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുകയാണ്.