തിരുവനന്തപുരം : പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഹ പരിഹാര പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടു വരെ ആയിരുന്നു ശത്രുദോഷ പരിഹാരപൂജയെന്നാണ് വാര്‍ത്ത.
വിശ്വാസ കാര്യങ്ങളില്‍ മറ്റു പാര്‍ട്ടി നേതാക്കളെക്കാള്‍ ഒരുപടി മുന്നിലാണ് കോടിയേരി എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൈമുക്ക് ശ്രീധരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശ്ശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രി കുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ എന്നിവയാണ് നടത്തിയത്. എട്ടോളം തന്ത്രി പ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തുവെന്ന സൂചനയും പത്രം നല്‍കുന്നുണ്ട്. വീടിന് സമീപത്തെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര് കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെ കുറിച്ച് സൂചന ലഭിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താത്കാലികമായി ഒഴിപ്പിപ്പ് വൈദീകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു.
തറവാട് ജോത്സ്യരുടെ നിര്‍ദേശം അനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പൂജയില്‍ പങ്കുകൊള്ളാനായി കോടിയേരി ബാലകൃഷണന് വീട്ടിലെത്തിയതായും സൂചനയുണ്ട്.ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയുടെ വീട്ടില്‍ പൂജ നടത്തിയതിലെ വിരോധാഭാസവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.
Leave a Reply