ജേക്കബ് പ്ലാക്കൻ

ഊനമില്ലാത്ത പൂക്കളാണ് പൂജയ്ക്ക് എടുക്കുക …ദൈവം സ്വികരിക്കുന്നതും ദൈവത്തിനു സമർപ്പിക്കുന്നതും അതാണ് ..!
കേവലം 16വയസ്സിനുള്ളിൽ അവർ വളർന്നത് ഒരു രാജ്യത്തിൻറെ ആകാശമാകെയാണ് …!അവർ പഠിച്ചിരുന്നിടത്തു ,കളിച്ചിരുന്നിടത്തു ,സമൂഹത്തിൽ ,വീട്ടിൽ …,കൂട്ടുകാർക്കിടയിൽ എന്നുവേണ്ടാ അവർ വ്യപിച്ചിരുന്നിടങ്ങളിലെല്ലാം ….അവർ അവരുടെ കയ്യൊപ്പ് ചാർത്തിയവർ …അവരായിരുന്നു മറ്റുള്ള മനസ്സിന്റെ ആകാശം ..ആഹ്ളാദത്തിന്റെയും ഊർജ്വസ്വലതയുടെയും സുര്യപ്രഭയായിരുന്നവർ …
പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്നവർ …
പക്വതയുണ്ടായിരുന്നവർ …
പാകതയുണ്ടായിരുന്നവർ …
ആരെയും ആകർഷിക്കുന്ന വ്യക്തിത്വമുണ്ടായിരുന്നവർ … കുട്ടുകാരുടെ കൂട്ടത്തിലായിരുന്നില്ലവർ …..
കുട്ടുകാർ അവരുടെ കൂട്ടത്തിലായിരുന്നു …!
അവരുടെ കൊച്ചുകൊച്ചു തമാശകൾ കേൾക്കാൻ ക്രിക്കറ്റിന്റെ ആവേശംആസ്വദിക്കാൻ …ഫുട്ബോൾ പിച്ചിലെ ചടുല ചലനങ്ങൾ കൊണ്ട് വിസ്‌മയിക്കാൻ ….കുട്ടുകാർ എന്നും അവരുടെ സാമിപ്യം കൊതിച്ചിരുന്നു ….!
കുട്ടുകാരുടെ പ്രദക്ഷിണപദങ്ങളെപോലും നിയന്ത്രിച്ചിരുന്ന സൂര്യ തേജസുകൾ ….!റുവാനും ജോപ്പുവും ….ഒരേ ക്ലാസ്സിൽ പഠിച്ചവർ ..ചെറുപ്പം മുതലെ ആത്മമിത്രങ്ങൾ ….ക്ലാസ്സിലും കളിക്കളത്തിലും ആഘോഷങ്ങളിലും ഇരട്ട സഹോദരങ്ങളെ പോലെ ജീവിച്ചവർ …!ആർക്കും വേർപിരിക്കാൻ കഴിയാത്തവർ …ആർക്കും പകരം വയ്ക്കാൻ കഴിയാത്തവർ ….എത്ര ലാഘവത്തോടെയാണ് അവർ രണ്ടുപേരും അവരുടെ ‘ചങ്ക്സായ ‘…അവരുടെ സ്നേഹ തണലത്തു നിന്നിരുന്ന കുട്ടുകാരോട് യാത്ര പറഞ്ഞത് .. അവരുടെ ഓരോ ചലനങ്ങളും ആകാംക്ഷയോടെ നോക്കികണ്ടിരുന്ന ഡെറിയിലെ സമൂഹത്തോട് …അവരുടെ എല്ലാമെല്ലാം ആയിരുന്ന മാതാപിതാക്കളോട് …നിങ്ങൾ ഞങ്ങളുടെ കരളാണ് മുറിച്ചുകൊണ്ടുപോയത് ….ഒരിക്കലും ആർക്കും സുഖപ്പെടുത്തുവാൻ കഴിയാത്ത കരളിന്റെ മുറിവ് …!

അന്ന് വേനലിന്റെ എല്ലാ അസുരഭാവങ്ങളും നിറഞ്ഞ ദിവസമായിരുന്നു …!സൂര്യൻ ആകാശത്തു ജ്വലിച്ചു നിന്നു …ബാങ്ക് അവധികൂടിയായതിനാൽ
എല്ലാവരും വെളിയിലായിരുന്നു …അപൂർവമായി ലഭിക്കുന്ന സൂര്യപ്രകാശം ആസ്വദിക്കുന്ന തിരക്കിലായിരുന്നു നാട് …കഴിയാത്തവർ വിഷമത്തോടെ പുറത്തേക്കു നോക്കി സങ്കടപ്പെട്ട ദിവസം …!
ജി സി എസ് ഇ പരീക്ഷയുടെ റിസൾട്ട് വന്നിട്ട് അധികദിവസങ്ങളായിട്ടില്ല …അവർ നേടിയെടുത്ത ഔട്‍സ്റ്റാൻഡിങ് പെർഫോമൻസിന്റെ ആഹ്ളാദം അവരിൽനിറഞ്ഞു തുളുമ്പുന്ന ദിവസങ്ങൾ …
ആഘോഷങ്ങളുടെ പെരുമഴക്കാലം കഴിയാൻ അവർക്കിനി കുറച്ചു ദിവസങ്ങൾ മാത്രം ….പുതിയ യൂണിഫോമിട്ടു ,ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കോളേജിലേക്കുള്ള
ആദ്യ ചുവടുവെപ്പിന് കേവലം മൂന്നാലു ദിവസങ്ങൾ മാത്രം ബാക്കി …
കോളേജ്‌ പഠനാരംഭത്തിന്റെ അത്വാകാംക്ഷയുടെ ഉത്തംഗശൃങ്ഗത്തിൽ …

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പതിവ് പോൽ സിറ്റിയിലെ സൈക്കിൾ പാത്തിലൂടെ കുട്ടുകാർ എട്ടുപേർ ഒന്നിച്ചൊരു സവാരിക്കിറങ്ങിയതായിരുന്നു …തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും അവരന്ന് പതിവിനു വിരുദ്ധമായി സിറ്റി വിട്ട് അല്പം ദൂരെയുള്ള ആൾക്കാരൊഴിഞ്ഞൊരു പാർക്കിലേക്ക് പോയി …അതിനവരെ പ്രേരിപ്പിച്ചതും അന്നത്തെ
സൂര്യന്റെ രാക്ഷസ പ്രകാശമായിരുന്നിരിക്കാം ..!
മഴ മാറാത്ത നാട്ടിൽ സൂര്യനന്നു മധ്യാഹ്ന രേഖയിൽ എന്നപോലെ ജ്വലിക്കുകയായിരുന്നു ..!
കണ്ണാടി പോലെ തെളിഞ്ഞ തടാകം ..സൂര്യപ്രകാശത്തിൽ തടാകത്തിന്റെ കരയോടുടുത്ത പ്രദേശത്തെ അടിത്തട്ട് തെളിഞ്ഞു കാണാമായിരുന്നു …..!
പിന്നെ എല്ലാം നൊടിയിടെ …
കുട്ടുകാർ നോക്കിനിൽക്കെ …അവരുടെ വാവിട്ട നിലവിളികളും അലർച്ചയും കേൾക്കാതെ ജോപ്പുവും റുവാനും സ്വർഗത്തിലേക്ക് നടന്നു കയറി …ആദ്യം പോയ ജോപ്പുവിനെ തിരികെ കൂട്ടുകാരുടെ അടുത്തേക്ക് കൂട്ടികൊണ്ടുവരാനായി പോയ റുവാൻ പിന്നെ അവനൊപ്പം മാലാഖമാരുടെ കൂടെ സ്വർഗത്തിലേക്ക് പോകുകയായിരുന്നു …!

പിന്നീട് ഒരു രാജ്യം രണ്ടു ഭാവി വാഗ്ദാനങ്ങളുടെ വേർപാടിൽ നിലവിളിക്കുയായിരുന്നു ….ലണ്ടൻ ഡെറി സിറ്റി കൗൺസിൽ …,ഹോസ്പിറ്റൽ സ്റ്റാഫ് ..,എം എൽഎ മാർ പൊലീസ് ഉദ്യോഗസ്ഥർ ഡെറിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർഥികൾ അദ്ധ്യാപകർ ..വൈദികർ ..
തുടങ്ങി യുകെയിലും അയർലണ്ടിലുമുള്ള ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ആയിരക്കണക്കിനാളുകൾ
വെള്ളിയാഴ്ച്ച രാവിലെ മുതൽ വൈകുന്നേരം വരെ ആഡ്‌മോർ സെന്റ് മേരീസ് ചാപ്പലിന്റെ മുറ്റത്തും പരിസരത്തും തിങ്ങിനിറഞ്ഞു വിതുമ്പികരയുകയായിരുന്നു …
അക്ഷരർത്ഥത്തിൽ ലണ്ടൻ ഡെറികഴിഞ്ഞ ദിവസങ്ങളിൽ സ്‌തംഭിച്ചു നിൽക്കുയായിരുന്നു …
എവിടെയും ഈ ദുഃഖം തളംകെട്ടിയ മുഖങ്ങൾ മാത്രം …
വിശുദ്ധ കുർബാനയ്ക്ക് ശേഷം അനുസ്മരണ പ്രസംഗങ്ങളിൽ കൂട്ടുകാരുടെയും റുവാന്റെ സഹോദന്റെയും കസിൻസിന്റെയും ഒക്കെ അനുസ്‌മരണം കരളുരുക്കുന്നതായിരുന്നു …!
ഡെറി ബിഷപ്പ് ഡോ. ഡോണൽ മക്‌കൗൺ അവരുടെ ഭൗതിക ശരീരത്തെ ഉയിർപ്പിന്റെ കാഹളത്തിനായി അന്ത്യാശീർവാദം നൽകി ഒരുക്കിയപ്പോൾ …,പിന്നെ എല്ലാവരും പൂക്കൾ നൽകി അവരോട് യാത്ര ചോദിക്കുമ്പോൾ ….,
മാതാപിതാക്കൾ അലമുറയിട്ടുകൊണ്ട് പൊന്നുമക്കൾക്ക് അന്ത്യചുബംനം നൽകിയപ്പോൾ …ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ടുനിൽക്കാൻ കഴിയാതെ മേഘങ്ങൾ പോലും മഴ പൊടിച്ചു മനുഷ്യ മഹാസാഗരമനസ്സിനോട്
ചേർന്നുപോയി …!

ഇല്ല നിങ്ങൾ മരിക്കില്ല …നിങ്ങളെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരിൽ …എന്തിനു ഈ ദുഃഖ തിങ്കളിനു സാഷ്യം വഹിച്ചവരിൽ നിങ്ങൾ ജീവിക്കും …!നക്ഷത്രങ്ങളിൽ നിങ്ങളുടെ ചിരി ഞങ്ങൾ കാണും …!
പൂക്കളിൽ നിന്നും നിങ്ങളുടെ സ്നേഹം ഞങ്ങൾ ഇനിയും നുകരും …മഴയിലും വെയിലിലും നിങ്ങളുടെ ചൂടും തണുപ്പുമായിരിക്കും ഞങ്ങൾ ഇനി അറിയുക …കാറ്റിലൂടെ നിങ്ങളുടെ കുസൃതിയും കൊഞ്ചലും ഞങ്ങൾ വീണ്ടും കേൾക്കും ….സ്വർഗത്തിൽ ഞങ്ങൾ എത്തുംവരെ …!