ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യൂണിഫോം സംബന്ധിച്ച് വിചിത്ര നടപടി കൈകൊണ്ട മെഴ്‌സിസൈഡ് സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പെൺകുട്ടികളെയും ആൺകുട്ടികളെയും വെവ്വേറെ കാവടങ്ങളിൽ കൂടി പ്രവേശിപ്പിക്കുകയും, പെൺകുട്ടികളുടെ പാവാടയുടെ ഇറക്കം പുരുഷ അധ്യാപകർ പരിശോധിക്കുകയും ചെയ്തതിനെതിരെയുമാണ് വിദ്യാർത്ഥികൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനികളെ അപമാനിച്ച നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചില കുട്ടികളിൽ വലിയ ഞെട്ടലാണ് ഈ സംഭവം സൃഷ്ടിച്ചതെന്നും, ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നുമാണ് ഉയരുന്ന വിമർശനം.

അതേസമയം, സ്കൂളിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതും നടപ്പിലാക്കുന്നതും ജീവനക്കാർ ആണെന്നാണ് സംഭവത്തിൽ സ്കൂൾ നൽകുന്ന വിശദീകരണം. സംഭവത്തെ തുടർന്ന് സ്കൂളിന്റെ നടപടിക്കെതിരെ 1000 ത്തിലധികം ആളുകൾ ഒപ്പുവെച്ച നിവേദനം കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് കാലഹരണപ്പെട്ട നടപടിയാണെന്നും ചിലർ സ്വയം പരിഹാസ്യരാവുകയാണെന്നും വിമർശകർ കുറ്റപ്പെടുത്തി. പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയിൽ പരിശോധന നടത്തണമെങ്കിൽ അതിന് വനിതാ അധ്യാപകരെ ചുമതലപ്പെടുത്തണമെന്നും, നിലവിലെ സംഭവങ്ങൾ പല കുട്ടികളുടെയും ഉള്ളിൽ അപമാനഭാരം സൃഷ്ടിച്ചെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

സ്കൂളിന്റെ തെറ്റായ നയത്തിനെതിരെ വിദ്യാർത്ഥികൾ ബുധനാഴ്ച പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ പങ്കെടുത്ത പല കുട്ടികളെയും സ്കൂൾ അധികൃതർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. പെൺകുട്ടികൾക്ക് പിന്തുണയുമായി ആൺകുട്ടികളും എത്തിയത് സ്കൂൾ അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട്. പാന്റിന് മുകളിൽ പാവാട ധരിച്ചായിരുന്നു പ്രതിഷേധം. സുരക്ഷിതമായി ഇരിക്കാനും നടക്കാനും കഴിയുന്ന രീതിയിലുള്ള യൂണിഫോം വേണമെന്നാണ് പൊതുവിൽ ഉയരുന്ന പ്രധാന ആവശ്യം. എന്നാൽ സ്കൂൾ അധികൃതർ നിലവിലെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.