ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ മറ്റേർണിറ്റി സർവീസുകളിലെ ഗുരുതര വീഴ്ച എടുത്ത് കാട്ടിയുള്ള കെയർ ക്വാളിറ്റി കമ്മീഷൻ്റെ (CQC) റിപ്പോർട്ട് പുറത്ത്. ആശുപത്രികളിൽ നിന്ന് പ്രസവസമയത്ത് നേരിടുന്ന മോശമായ പരിചരണങ്ങൾ നിത്യ സംഭങ്ങളിൽ ഒന്നായി മാറാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. 131 മെറ്റേണിറ്റി യൂണിറ്റുകളെ പഠിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വർഷവും 600,000 സ്ത്രീകളെ വരെ പരിചരിക്കുന്ന എൻഎച്ച്എസ് മെറ്റേണിറ്റി കെയറിലെ നിരവധി പ്രശ്‌നങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മറ്റേർണിറ്റി യൂണിറ്റുകളുടെ ഭാവിയെ കുറിച്ച് തൻെറ ആശങ്ക അറിയിച്ച ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, സംഭവത്തിൻെറ പ്രാധാന്യം മനസിലാക്കി ഉടൻ തന്നെ നടപടി എടുക്കണം എന്നും കൂട്ടിച്ചേർത്തു.

സി ക്യു സി യുടെ സെക്കൻഡറി കെയർ ഡയറക്ടർ നിക്കോള വൈസ്, മെറ്റേണിറ്റി സേവനങ്ങളുടെ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ഊന്നിപ്പറഞ്ഞു. കൂടാതെ ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിന് സ്റ്റാഫിനെ പിന്തുണയ്ക്കാൻ എൻഎച്ച്എസിനോട് ആവശ്യപ്പെടുകയും ചെയ്‌തു. പ്രസവ പരിപാലന പ്രതിസന്ധിയെ ഉടൻ തന്നെ അഭിസംബോധന ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു.

നിലവിൽ കുട്ടികളുടെ ഇടയിൽ പൊതുവെ കാണുന്ന പട്ടിണിയും പൊണ്ണത്തടിയും പരിഹരിക്കാൻ പ്രധാന ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിട്ടും പൊതു ധനകാര്യത്തിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം നൽകാനായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ ഇപ്പോൾ. അതേസമയം, നീണ്ട വെയ്റ്റിംഗ് ലിസ്റ്റുകളും കാലഹരണപ്പെട്ട സൗകര്യങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും യുഎസ് ആസ്ഥാനമായുള്ള കോമൺവെൽത്ത് ഫണ്ട് തയ്യാറാക്കിയ പട്ടിക അനുസരിച്ച് സൗജന്യമായ പരിചരണം നൽകുന്ന മികച്ച ആരോഗ്യ സംവിധാനങ്ങളിൽ മൂന്നാം സ്‌ഥാനം ആണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്.