ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. ലോകവുമായി നിരന്തരം ബന്ധപ്പെടുന്ന രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ മറ്റെല്ലാ രാജ്യങ്ങളും ആശങ്കയിലാണ്. കോവിഡിന് ശേഷം ചൈന അതിർത്തികൾ തുറക്കാൻ ഒരുങ്ങുന്നെന്നുള്ള വാർത്ത അതുകൊണ്ട് തന്നെ എല്ലാവരെയും ജാഗരൂഗരാക്കിയിരിക്കുകയാണ്.

വീണ്ടും ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നാൽ എന്ത് ചെയ്യും എന്നുള്ള ചോദ്യമാണ് മറ്റെല്ലാ രാജ്യങ്ങളെയും അലട്ടുന്നത്. രാജ്യത്ത് കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ അതേസമയം, മുൻ വർഷങ്ങളിൽ നേരിടേണ്ടി വന്നതുപോലെ സാഹചര്യം മോശമാകില്ലെന്നും കേസുകൾ ഒരുപക്ഷെ ദശലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ സ്ഥിതിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, യുകെയിൽ സ്ഥിതിഗതികൾ ശാന്തവുമാണെന്നാണ് ലിവർപൂൾ സർവ്വകലാശാലയിലെ ഔട്ട്‌ബ്രേക്ക് മെഡിസിൻ ആൻഡ് ചൈൽഡ് ഹെൽത്ത് വിഭാഗത്തിൽ നിന്നുള്ള പ്രൊഫസർ കാലം സെമ്പിൾ പറയുന്നത്. വാക്‌സിൻ ഉൾപ്പെടെയുള്ളവയുടെ ലഭ്യതയിൽ മറ്റേത് രാജ്യങ്ങളെക്കാളും മുൻപിൽ യുകെ ഉണ്ടെന്നും, ആശങ്കയുടെ ഒരു കണിക പോലും വേണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ചൈനയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സമ്മർദ്ദം ശക്തമാകുകയാണ്. ഇതിനിടയിൽ യുകെയിലെ മന്ത്രിമാർ കോവിഡ് ഭീഷണിയെ അവഗണിച്ചതായി ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രൊഫസർ സെമ്പിൾ നടത്തിയ അഭിപ്രായപ്രകടനം ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കാണ് തിരി തെളിയിച്ചിരിക്കുന്നത്.