ബെനഡിക്റ്റ് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വച്ചായിരുന്നു അന്ത്യം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 -ലാണ് സ്ഥാനമേല്‍ക്കുന്നത്. അനാരോഗ്യംമൂലം 2013 -ല്‍ സ്ഥാന ത്യാഗം ചെയ്തു. തുടര്‍ന്ന് പോപ്പ് എമിരെറ്റിസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ആറ് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാന ത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം.
ബാവേറിയയിൽ നിന്നും ആഗോള കത്തോലിക്കാ സഭയുടെ മേലധ്യക്ഷ പദവിയിലേക്ക്..
ജോസഫ് റാറ്റ്‌സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 നു ജർമനിയിലെ ബാവേറിയയിലാണ് മാർപ്പാപ്പ ജനിച്ചത്. 2005 – 2013 വരെയുള്ള കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്നും 600 വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. അനാരോഗ്യം മുഖ്യ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി തലസ്ഥാനത്ത് നിന്നും മാറിയത് സഭാ മേലധ്യക്ഷൻമാർക്കിടയിൽ പുതിയൊരു മാതൃകയായിരുന്നു. ഇതിനു മുൻപ് 1415 ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പയാണ് സ്ഥാനത്യാഗം ചെയ്തിട്ടുള്ളത്.
2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 -ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം തന്നെ മേയ് 7 -ന് ഔദ്യോഗികമായി ചുമതലയേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയ്ക്ക് ജർമ്മൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്. 29 ജൂൺ 1951 നു വൈദീക പട്ടം ലഭിച്ച അദ്ദേഹം, 28 മേയ് 1977 ൽ മെത്രാൻ സ്ഥാനത്തും 27 ജൂൺ 1977ൽ തന്നെ കർദിനാൾ സ്ഥാനത്തും എത്തി.
നഷ്ടമായത് മികച്ച വാഗ്മിയെയും എഴുത്തുകാരനെയും..
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ, വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിറ്റ് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ഒരേസമയം കയ്യടിയും വിമർശനവും നേരിട്ട അതുല്യ നേതൃപാടവം..
കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. ഒരേസമയം വലിയ സ്വീകാര്യതയും വിമർശനവും ഇതിനെ തുടർന്ന് ഒരുപോലെ ഉയർന്നു വന്നു. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് കൂടിയാണ് ബെൻഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ. ക്രിസ്തീയതയ്ക്ക് ഒരു ആമുഖം എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്. ദൈവശാസ്‌ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ് ബനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പയുടെ രചനകൾ ഏറെയും.
Leave a Reply