മലയാളംയുകെ ന്യൂസ് ടീം

കേരളം കാത്തിരുന്ന കേന്ദ്രത്തിലെ മന്ത്രസഭാ പ്രാതിനിധ്യം അല്‍ഫോന്‍സ് കണ്ണന്താനത്തിലൂടെ ലഭിക്കുമ്പോള്‍ മലയാളം യുകെയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവി മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്ത ഏക മാധ്യമം മലയാളം യുകെ മാത്രമാണ്. മലയാളം യുകെയുടെ ഇന്നലത്തെ പ്രധാന വാര്‍ത്തതന്നെ അല്‍ഫോന്‍സിന്റെ മന്ത്രിസ്ഥാന ലബ്ധിയേക്കുറിച്ചുള്ള സൂചനകള്‍ നിറഞ്ഞതായിരുന്നു. വന്‍കിട മാധ്യമങ്ങള്‍ക്കും പത്രമുത്തശ്ശിമാര്‍ക്കും മണത്തറിയാന്‍ സാധിക്കാതിരുന്ന വാര്‍ത്തയാണ് പത്രപ്രവര്‍ത്തന രംഗത്ത് നവാഗതരായ മലയാളം യുകെയ്ക്ക് സാധിച്ചത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയുമായി ബന്ധപ്പെട്ട് മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് താഴെ

2019ലെ പൊതുതെരഞ്ഞെടുപ്പ്‌ ജോസ്‌ കെ. മാണിയെ പിന്നോട്ടു വലിച്ചു; പി.സി.തോമസും അല്‍ഫോന്‍സ്‌ കണ്ണന്താനവും പരിഗണനയില്‍; വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങള്‍ വീണ്ടും പൊലിഞ്ഞു.

കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ അല്‍ഫോന്‍സ് കണ്ണന്താനം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. കോട്ടയം കളക്ടറായിരിക്കുമ്പോള്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പട്ടണം എന്ന സ്ഥാനം കോട്ടയം കരസ്ഥമാക്കി. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ഡവലപ്‌മെന്റ് കമ്മീഷണറായിരിക്കെ കെട്ടിട മാഫിയക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ കണ്ണന്താനത്തെ താരമാക്കി. സിവില്‍ സര്‍വീസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച കണ്ണന്താനം രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. 12-ാം കേരള നിയമസഭാ കാലഘട്ടത്തില്‍ സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്നു അല്‍ഫോന്‍സ്. പൊതു രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പ്തന്നെ അറിയപ്പെടുന്ന ഇടതുപക്ഷ അനുഭാവിയായിരുന്ന കണ്ണന്താനം 12-ാം നിയമസഭയുടെ അവസാന കാലഘട്ടത്തില്‍ രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗത്വം ലഭിക്കാതിരുന്നതിലുള്ള അസംതൃപ്തി സിപിഎമ്മുമായുള്ള അകല്‍ച്ചക്ക് കാരണമായി.

1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്താനം സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയങ്ങള്‍ വെട്ടിപ്പിടിച്ച വ്യക്തിയാണ്. പത്താംക്ലാസില്‍ കഷ്ടി കടന്നുകൂടിയ കണ്ണന്താനം പിന്നീട് തന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പരാജയമെന്തെന്ന് അറിഞ്ഞിട്ടില്ല. ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കെ 14,000 അനധികൃത കെട്ടിടങ്ങള്‍ നശിപ്പിച്ച അല്‌ഫോന്‍സ് കണ്ണന്താനത്തെ ടൈം മാസിക ലോകത്തെ സ്വാധീനിക്കുന്ന 100 യുവനേതാക്കളില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്തായാലും കഴിവും പ്രതിഭയുമുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവി കേരളത്തിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.