വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ചരിത്രത്തില്‍ ചരിത്രപരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ഈ മാസം ക്യൂബ സാക്ഷ്യം വഹിക്കും. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനമാണ് വേദി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ തലവനായ പാട്രിയാര്‍ക്ക് കിറിലുമായുള്ള കൂടിക്കാഴ്ച ഈ സന്ദര്‍ശനത്തിനിടെ നടക്കുമെന്നാണ് സൂചന. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തോലിക്കാ സഭയുമായി പിരിഞ്ഞ ശേഷം ഇരുമതമേധാവികളും തമ്മിലുളള ആദ്യ കൂടിക്കാഴ്ചയാണിത്. ഈ മാസം പന്ത്രണ്ടിന് ഹവാനയിലെത്തുന്ന പോപ്പിനെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വീകരിക്കും. പിന്നീടാണ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മേധാവി പാട്രിയാര്‍ക് കിറിലുമായി അദ്ദേഹം സ്വകാര്യ സംഭാഷണം നടത്തുന്നത്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വിഭജനവും തുടര്‍ന്നുളള സംഘര്‍ഷങ്ങളും അയയുന്നു എന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ചയെന്ന് വിലയിരുത്തലുണ്ട്. രണ്ട് കൊല്ലം നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് അത് കൊണ്ട് തന്നെ അസാധാരണമായ പ്രാധാന്യമുണ്ടെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറികോ ലോംബാര്‍ഡി പറയുന്നു. ഷൂസേ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുളളത്. രണ്ട് മണുക്കൂറോളം ഇരു മതനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇത്രയും ദൈര്‍ഘ്യമായ കൂടിക്കാഴ്ച ലോകനേതാക്കള്‍ക്ക് പോലും പോപ്പ് അനുവദിച്ചിട്ടില്ല. മിക്ക നേതാക്കളുമായും ഒരു മണിക്കൂറില്‍ താഴെയാണ് ചര്‍ച്ചകള്‍ നടത്തുക.

ചര്‍ച്ചകള്‍ക്ക് ശേഷം ഇരുമതമേലധ്യക്ഷന്‍മാരും ചില കരാറുകളില്‍ ഒപ്പിടും. റഷ്യനിലും ഇറ്റാലിയനിലും തയാറാക്കിയ ഈ കരാറുകളിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് ഇരുവരും സംയുക്ത പ്രസ്താവന നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കൂടിക്കാഴ്ച പോപ്പിന്റെ റഷ്യന്‍ സന്ദര്‍ശനത്തിലേക്ക് നയിച്ചേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇരുമതനേതാക്കള്‍ക്കും ചര്‍ച്ച നടത്താന്‍ പറ്റിയ ഒരു നിഷ്പക്ഷ രാജ്യമാണ് ക്യൂബയെന്നും ലൊംബാാര്‍ഡി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും ഇത് ഏറെ സ്വീകാര്യമായ നിര്‍ദേശമായിരുന്നു. ക്രില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ക്യൂബയില്‍ എത്തുന്നത്. എന്നാല്‍ പോപ്പ് മെക്‌സിക്കോയിലെക്കുളള യാത്രയ്ക്കിടെ ക്യൂബയില്‍ ഇറങ്ങുകയാണ്.

യൂറോപ്പില്‍ വച്ചുളള കൂടിക്കാഴ്ചയ്ക്ക് ക്രില്ലിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ക്രൈസ്തവര്‍ക്കിടയിലുണ്ടായ വിഭജനത്തിന്റെയും പോരാട്ടങ്ങളുടെയും ചരിത്രം ഓര്‍മിപ്പിക്കുന്ന യൂറോപ്പിലേക്ക് വരാന്‍ ക്രില്‍ മടിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. തീവ്രവാദം ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനൊരുങ്ങുന്ന ഈ വേളയില്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് ഇരുസഭകളും ഇപ്പോള്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത് എന്ന നിരീക്ഷണമുണ്ട്. ഇരുപക്ഷത്തെയും അഭിപ്രായ ഭിന്നതകള്‍ ഈ സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നു. ഏതായാലും വരാനിരിക്കുന്ന ചര്‍ച്ചകളെ ഇരുപക്ഷവും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.