യുകെയിലെമ്പാടും മോഷ്ടാക്കളുടെ പ്രധാന ഇരകളിലൊന്നാകുകയാണ് ഹൈബ്രിഡ് കാറുകൾ സ്വന്തമായുള്ളവർ. ഹൈബ്രിഡ് കാറുകളിലെ കാറ്റലിക് കൺവർട്ടർ മോഷ്ടിച്ച നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വെയ്ക്ക് ഫീൽഡ് സ്വദേശിയായ ജീന വിനുവും കഴിഞ്ഞ ദിവസം സമാനമായ മോഷണത്തിന് വിധേയയായി. നേഴ്സായ ജീന വിനുവിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ബാൻഡ് – 6 ആയി സ്ഥാനക്കയറ്റത്തോടെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ലോങ് ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിൽ പോകാൻ തിരക്കുപിടിച്ചു വന്ന ജീന സെൻറ് ജെയിംസ് ഹോസ്പിറ്റലിൻെറ കാർ പാർക്കിങിൽ നിന്ന് വാഹനം എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് താൻ മോഷണത്തിന് വിധേയമായ കാര്യം അറിയുന്നത്.

ഒരു കാറ്റലിക് കൺവെർട്ടറിന് കാറിൻെറ ബ്രാൻഡ് അനുസരിച്ച് 1000 – 1500 പൗണ്ടിനിടയിൽ വിലവരും. ഹൈബ്രിഡ് കാറുകൾ മലയാളികൾക്കിടയിൽ വ്യാപകമാകുകയാണ്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് കാറുകൾ ഉള്ള മലയാളികൾ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ജീന മലയാളം യുകെയോട് പങ്കുവച്ചു. കാറ്റലിക്ക് കൺവെർട്ടർ മോഷ്ടിക്കപ്പെടുന്ന നൂറുകണക്കിന് സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവൽക്കരണത്തിന്റെ അഭാവം മോഷ്ടാക്കൾക്ക് വളക്കൂറാകുന്നതായാണ് ജീനയുടെ അഭിപ്രായം .പല മോഷണങ്ങളും പരസ്യമായി പൊതുജനങ്ങളുടെ മുൻപിൽ വച്ചാണ് നടക്കുന്നത് .മോഷണം കാണുന്നവർ പോലും വിചാരിക്കുന്നത് വാഹനം നന്നാക്കാൻ ശ്രമിക്കുന്ന മെക്കാനിക്കാണെന്നാണ്. താനും മോഷണത്തിന് ഇരയായതിന് ശേഷമാണ് ഇത് യു.കെയിൽ അടുത്ത കാലത്ത് വളരെ വ്യാപകമായ ക്രൈമാണെന്ന് മനസിലാക്കിയതെന്ന് ജീന വിനു ചൂണ്ടിക്കാട്ടി.

വിലയേറിയ ഹൈബ്രിഡ് കാറുകൾ എല്ലാ മോഷ്ടാക്കളുടെ ലക്ഷ്യമാണെങ്കിലും പ്രധാനമായും മോഷണത്തിന് ഇരയാകുന്നത് ടൊയോട്ടാ പൈറസ്, ഹോൻഡാ ജാസ്, ടൊയോട്ടാ ആരിയസ്, ലെക്സസ് – Rx കാറുകളുടെ ഉടമകളാണ്. കാറ്റലിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന പ്ലാറ്റിനം, പല്ലേഡിയം, റേഡിയം തുടങ്ങിയ ലോഹങ്ങളുടെ മാർക്കറ്റിലെ വിലക്കൂടുതലാണ് മോഷണത്തിന് കാരണം. കാറ്റലിക് കൺവെർട്ടറിന്റെ പ്രധാന ഉപയോഗം മലിനീകരണം തടയുമെന്നതാണ് . കാറ്റലിക് കൺവെർട്ടർ ഉള്ള കാറുകളിൽ 90% മലിനീകരണം കുറവായിരിക്കും. ഒരു കാറിലെ കാറ്റലിക് കൺവെർട്ടർ മോഷ്ടിക്കാൻ പരിചയസമ്പന്നരായ മോഷ്ടാക്കൾക്ക് 2 മിനിറ്റിൽ താഴെ സമയം മതിയാകും. മോഷ്ടാക്കൾ സാധാരണ 3 – 4 പേരുടെ ഗ്രൂപ്പായിട്ടാണ് മോഷണത്തിന് ശ്രമിക്കുന്നത് .

കാറുകളിൽ സെക്യൂരിറ്റി ക്യാമറയും അലാമും ഉപയോഗിക്കുകയാണ് മോഷ്ടാക്കളെ തടയാനുള്ള പ്രധാന പോംവഴി. മോഷണം തടയാൻ കാറ്റലിക് കൺവെർട്ടർ കാറിന്റെ ബോഡിയോട് വെൽഡ് ചെയ്യുന്ന ഉടമസ്ഥരുമുണ്ട്. കാറ്റലിക് കൺവെർട്ടറിൻെറ കവറിനും അത് ബോഡിയോട് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനും ഏതാണ്ട് 50 പൗണ്ടോളം ചിലവുണ്ട്.