ഹവാന: പുതിയ ചരിത്രമായി മാറിയ ആ കൂടിക്കാഴ്ച നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും പരസ്പരം ആലിംഗനം ചെയ്തു.ലോകം കാത്തിരുന്ന അപൂര്‍വ സന്ദര്‍ഭം. പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യന്‍ സഭകളെ ആയിരത്തോളം വര്‍ഷമായി വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഭിന്നതയുടെ മുറിവുണക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തി.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിയോടെ ഹവാനയിലെ ഴോസെ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാര്‍പാപ്പ വിമാനത്താവളത്തില്‍വച്ചു തന്നെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ മതിയാക്കാന്‍ ആ വശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിലും ഇരുവരും ഒപ്പിട്ടു.
പശ്ചിമേഷ്യയിലെ ക്രിസ്തീയപീഡനത്തിന് അറുതിയുണ്ടാക്കാന്‍ ഇരു സഭകളും ഭിന്നതകള്‍ മറന്ന് ഇനി ഒത്തൊരുമിച്ചു നീങ്ങും. എന്നാല്‍, പാശ്ചാത്യ, പൗരസ്ത്യ സഭകളുടെ പുനരേകീകരണം ഇന്നലത്തെ കൂടിക്കാഴ്ചയുടെ അജന്‍ഡയിലില്ലെന്നാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വക്താക്കള്‍ പറയുന്നത്.
അരനൂറ്റാണ്ടത്തെ യുഎസ്– ക്യൂബ ശത്രുതയുടെ മഞ്ഞുരുക്കത്തിനു മേല്‍നോട്ടം വഹിച്ച മാര്‍പാപ്പ, ഇരുസഭകളുടെയും സൗഹൃദത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ക്യൂബ തന്നെ ആതിഥ്യം വഹിക്കുന്നതും ശ്രദ്ധേയം. ചരിത്രംകുറിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിറില്‍ പാത്രിയര്‍ക്കീസ് വ്യാഴാഴ്ചയാണു ഹവാനയിലെത്തിയത്.
സിറിയയില്‍ റഷ്യയുടെ സൈനിക ഇടപെടല്‍ നടക്കുന്ന ചരിത്രസന്ധിയില്‍ത്തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്കിരുന്നത് രാഷ്ട്രീയ മാനങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് അത്തരം അജന്‍ഡകളൊന്നുമില്ലെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വക്താക്കള്‍ പറയുന്നു.
റോമില്‍ 1054 ലായിരുന്നു ക്രിസ്ത്യന്‍ സഭയിലെ ചരിത്രപ്രധാനമായ പിളര്‍പ്പ്. പിന്നീടുള്ള ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്കിരിക്കുന്നത്. ക്യൂബന്‍ വിമാനത്താവളത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴരയോടെ മാര്‍പാപ്പ മെക്‌സിക്കോയിലേക്കു തിരിച്ചു.
മെക്‌സിക്കോയില്‍ അഞ്ചു ദിവസം നീളുന്ന സന്ദര്‍ശനപരിപാടികളാണുള്ളത്. പ്രാദേശിക സമയം ഇന്നു രാവിലെ ഒന്‍പതരയോടെ (ഇന്ത്യന്‍ സമയം രാത്രി 8.30) തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. മെക്‌സിക്കോ സിറ്റിയിലെ ഔര്‍ ലേഡി ഓഫ് ഗ്വാദലൂപ് ബസിലിക്കയില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും.