ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ജി പി (ജനറൽ പ്രാക്ടീഷ്ണേഴ്സ്) കമ്മറ്റിയുടെ ആദ്യ വനിത നേതാവ് യൂണിയനിലെ ലിംഗ അസമത്വങ്ങൾ മൂലം സിക്ക് ലീവിൽ ആണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 2021 ലാണ് നൂറ് വർഷത്തിനിടെ കമ്മറ്റിയുടെ ആദ്യത്തെ വനിത നേതാവായി ലണ്ടനിലെ കാംഡെനിൽ നിന്നുള്ള ഡോക്ടറായ ഫറ ജമീൽ തിരഞ്ഞെടുക്കപ്പെട്ടത്. ഡോക്റ്റേഴ്സ് മാസികയായ പൾസിന്റെ റിപ്പോർട്ട് പ്രകാരം കമ്മറ്റിയിൽ നിലനിൽക്കുന്ന മോശമായ സംസ്കാരം മൂലമാണ് ഫറ മാർച്ച് മുതൽ ലീവ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കാതിരിക്കുകയും അവർക്ക് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്ന ഒരു പുരുഷസമൂഹം കമ്മറ്റിയിൽ പ്രബലമാണെന്ന ആരോപണം ശക്തമാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ മുൻ നേതാവായിരുന്ന ഒരു വനിതാ ഡോക്ടറും ഇത്തരത്തിൽ അസോസിയേഷനിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങൾ മൂലമാണ് സംഘടന വിട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജി പി കമ്മിറ്റിയുടെ തലപ്പത്തിരുന്ന സമയത്ത് ഡോക്ടർ ഫറ ജമീലിന് നിരവധി ലിംഗ അസമത്വങ്ങൾ വ്യക്തമാക്കുന്ന നിരവധി വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ടെന്ന് പൾസ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന നിരവധിപേർ ഫറയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജനറൽ പ്രാക്ടീഷണർ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളുടെ തൊഴിലിനെ കുറച്ചു കാണുന്ന ഇത്തരത്തിലുള്ള സമീപനം തികച്ചും അസംബന്ധമാണെന്ന് നിരവധിപേർ വ്യക്തമാക്കിയിട്ടുണ്ട്.