വിവാഹിതരായവര്‍ക്കും പുരോഹിതരാകാനുള്ള സാധ്യതയേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഈ വിധത്തില്‍ അനുമതി നല്‍കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരില്‍ നിന്ന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആമസോണിലും വിദൂര പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹങ്ങള്‍ക്ക് പുരോഹിതന്‍മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഈ രീതി പരിഗണിക്കണമെന്ന് ആമസോണ്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ക്ലോഡിയോ ഹംസ് പോപ്പിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിരി പ്രൊബാറ്റി എന്ന് അറിയപ്പെടുന്ന വിശ്വാസം തെളിയിച്ച പുരുഷന്‍മാര്‍ക്ക് പൗരോഹിത്യത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിന്റെ സാധ്യതയെക്കുറിച്ച് പോപ്പ് പറഞ്ഞിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള കമ്യൂണിറ്റികളില്‍ വിവാഹിതരായവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ പുരോഹിതരിലെ ബ്രഹ്മചര്യം അച്ചടക്കമാണെന്ന് പറഞ്ഞ അദ്ദേഹം അതൊരു നിര്‍ബന്ധിത നിയമല്ലെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇപ്പോള്‍ത്തന്നെ സഭ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. കിഴക്കന്‍ സഭകളിലും ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുന്നവര്‍ക്കും ഇളവുകളുണ്ട്. പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ ഇളവ് വിജയകരമായാല്‍ ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അനുവദിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. വിവാഹമോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം സഭയ്ക്കുള്ളിലെ യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനിരയായിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
Leave a Reply