ചരിത്രം കുറിക്കുന്ന സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ നാളെ അബുദാബിയിലെത്തും. ത്രിദിന യുഎഇ സന്ദർശനത്തിനായി നാളെ ഉച്ചയ്ക്കു പ്രത്യേക വിമാനത്തിൽ റോമിൽ നിന്നു പുറപ്പെടുന്ന മാർപാപ്പയും വത്തിക്കാനിലെ ഉന്നതസംഘവും രാത്രിയോടെ അബുദാബിയിലെത്തും. ഗൾഫ് മേഖലയിലെ ഏതെങ്കിലുമൊരു മുസ്ലിം രാജ്യത്ത് ഒരു മാർപാപ്പ ഒൗദ്യോഗിക സന്ദർശനം നടത്തുന്നത് ആദ്യമായാണ്.
ചരിത്രപരമായ അപ്പസ്തോലിക ചരിത്രസന്ദർശനത്തിനു സാക്ഷിയാകാൻ കേരളത്തിലെ കർദിനാൾമാരും. ലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളും പൊതുസമൂഹവും അനേക വർഷങ്ങളായി ആഗ്രഹിച്ച മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രത്തിലെ ബിജെപി സർക്കാർ സാങ്കേതികത്വം നിരത്തി തടയിട്ട സാഹചര്യത്തിലാണ്, ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികളുള്ള ഗൾഫ് രാജ്യത്ത് മാർപാപ്പയെത്തുന്നത്.
റോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മാർപാപ്പയെ വരവേൽക്കാനായി ഇന്ന് അബുദാബിയിലെത്തും. യുഎഇയിലെത്തുന്ന കർദിനാൾമാരെ വിശ്വാസിസമൂഹം സ്വീകരിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും കർദിനാൾമാർ പങ്കെടുക്കും. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ ആഭിമുഖ്യത്തിൽ മാർപാപ്പയുടെ പ്രഥമ അറബ് സന്ദർശനം വിജയകരമാക്കുന്നതിൽ മലയാളീസമൂഹം സജീവമായി പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് കർദിനാൾമാരായ മാർ ആലഞ്ചേരിയും മാർ ക്ലീമിസ് ബാവയും ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വരെ നീളുന്ന ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തിങ്കളാഴ്ച രാവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല സ്വീകരണം നൽകും. ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവുമാണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു.
മതസൗഹാർദത്തിനും ലോകസമാധാനത്തിനുമുള്ള നിർണായക ചുവടുവയ്പാണു ഫ്രാൻസിസ് പാപ്പായുടെ യുഎഇ സന്ദർശനമെന്നു ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ് ഡോ. പോൾ ഹിൻഡർ ഒഎഫ്എം പറഞ്ഞു. വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരും പരസ്പരം അംഗീകരിച്ചു സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു പാപ്പായുടെ സന്ദർശനം നൽകുന്നതെന്നു വത്തിക്കാൻ വ്യക്തമാക്കി.
ആഗോള സമാധാനനായകനായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ പ്രതികരിച്ചു. നാനാത്വങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് വത്തിക്കാനും യുഎഇയും. യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ സഹിഷ്ണുതാവർഷമായി 2019 പ്രഖ്യാപിച്ചതിന്റെ പൂർത്തീകരണം കൂടിയായാണു മാർപാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.
തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്കും ഫ്രാൻസിസ് പാപ്പാ സന്ദർശിക്കും. മുസ്ലിം കൗണ്സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി അവിടെ മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്നവർക്ക് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവർക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏർപ്പെടുത്തിയിട്ടുള്ളത്.
മാർപാപ്പയുടെ യുഎഇ സന്ദർശന പരിപാടി
ഞായർ: ഉച്ചയ്ക്ക് 1.00: റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽനിന്ന് പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര പുറപ്പെടുന്നു.
രാത്രി 10.00: അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരണം. തുടർന്നു വിശ്രമം.
തിങ്കൾ: ഉച്ചയ്ക്ക് 12.00: പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം.
12.20: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച.
വൈകുന്നേരം 5.00: അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച.
വൈകുന്നേരം 6.10: ഫൗണ്ടേ ഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണം.
ചൊവ്വ: രാവിലെ 9.15: അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം.
രാവിലെ 10.30: സഈദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പയുടെ ദിവ്യബലിയും സന്ദേശവും.
ഉച്ചയ്ക്ക് 1.00: റോമിലേക്കു മടക്കം.
വൈകുന്നേരം 5.00: റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.
Leave a Reply