ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യസ്ഥിതി മോശമാണെന്നും മാർപാപ്പയ്ക്ക് രക്തം നൽകിയതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ടതായി നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്ന് മോശമാകുകയായിരുന്നു.
റോമിലെ ജമേലി ആശുപത്രിയിൽ 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14 നാണ് പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ രണ്ട് ശ്വാസകോശത്തിനും ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതു മൂലമാണ് അടിയന്തരമായി രക്തം നൽകേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇത് ആദ്യമായി പരിശുദ്ധ പിതാവിന് തുടർച്ചയായി രണ്ട് ഞായറാഴ്ച പൊതു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനായില്ല.
തൻറെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് ദിവസേന വത്തിക്കാൻ വാർത്താ കുറിപ്പുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. മാർപാപ്പയെ ചികിത്സിക്കുന്ന ഡോക്ടർമാർ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൻറെ 21 – മത്തെ വയസ്സിൽ ശ്വാസകോശത്തിന് ചുറ്റും വീക്കം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മാർപാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മാർപാപ്പയായി ചുമതലയേറ്റതിനുശേഷമുള്ള 12 വർഷത്തിനിടയിൽ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്ന് ദിവസമാണ് 2023 മാർച്ചിൽ മാർപ്പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത്.
Leave a Reply