ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദപരമായ സംഭവങ്ങളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചിരിക്കുകയാണ്. വംശീയപരമായി ഒരാളെ അധിക്ഷേപിക്കുന്നത് ഏത് സാഹചര്യത്തിൽ ആയാലും തടയപ്പെടേണ്ട ഒന്നാണെന്ന് റിഷി സുനക് പറഞ്ഞു. മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ അടുത്ത സുഹൃത്തും വില്യം രാജകുമാരന്റെ ഗോഡ് മദറുമായ ലേഡി സൂസൻ ഹസ്സി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ഒരു റിസപ്ഷൻ ചടങ്ങിനിടെ വംശീയ പരാമർശം നടത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായി കൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു അംഗം ബ്രിട്ടീഷ് ബ്ലാക്ക് ചാരിറ്റി മേധാവിയായ വനിതയോട് യഥാർത്ഥത്തിൽ എവിടെ നിന്നാണ് എന്ന് ആവർത്തിച്ച് ചോദിച്ചതിന് മാപ്പ് പറയുകയും രാജിവെക്കുകയും ചെയ്തുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങൾ എല്ലാം തന്നെ അംഗീകരിക്കാനാവുന്നതല്ലെന്നും ഖേദകരമാണെന്നും അധികൃതർ പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടിയിലേക്ക് സിസ്റ്റാ സ്‌പേസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ എൻഗോസി ഫുലാനിയെ ക്ഷണിച്ചിരുന്നു. എന്നാൽ ലേഡി ഹസി തന്നോട് ‘നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?’ എന്ന ചോദ്യം ആവർത്തിച്ചു ചോദിച്ചതായി ഫുലാനി പിന്നീട് വ്യക്തമാക്കി.

തനിക്കെതിരെ ഉണ്ടായ ആരോപണത്തെത്തുടർന്ന് ലേഡി സൂസൻ ഹസി രാജിവച്ചു. കൊട്ടാരത്തെ പരസ്യമായി വിമർശിക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രമിച്ചില്ലെങ്കിലും, വംശീയത തടയുന്നതിൽ എല്ലാവിധ പ്രയത്നങ്ങളും ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വംശീയതയെ നേരിടാനുള്ള പ്രയത്നം ഒരിക്കലും അവസാനിക്കില്ലെന്നും സുനക് വ്യക്തമാക്കി