കൊവിഡ് 19നെ തുടര്‍ന്ന് വത്തിക്കാനില്‍ ആളൊഴിഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പോപ്പ് ഫ്രാന്‍സിസ് അനുഗ്രഹ പ്രഭാഷണം നടത്തി. അത് കേള്‍ക്കാനും കാണാനും വിശ്വാസികളാരും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും ടിവിയില്‍ 11 മില്യണ്‍ പേരാണ് (1.10 കോടി) കത്തോലിക്ക സഭാധ്യക്ഷനായ പോപ്പിന്റെ അനുഗ്രഹപ്രഭാഷണം കാണുകയും കേള്‍ക്കുകയും ചെയ്തത്. നമ്മുടെ ചത്വരങ്ങളേയും തെരുവുകളേയും നഗരങ്ങളേയും ജീവിതങ്ങളേയും അന്ധകാരം ബാധിച്ചിരിക്കുന്നതായി പോപ്പ് പറഞ്ഞു. നമ്മളെല്ലാം ഒരേ ബോട്ടിലാണെന്ന് ഈ മഹാമാരി തെളിയിച്ചിരിക്കുന്നതായി പോപ്പ് പറഞ്ഞു. വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ പോപ്പിൻ്റെ അനുഗ്രഹപ്രഭാഷണം ഒരു മണിക്കൂർ നീണ്ടു.

ഇറ്റലിയില്‍ കൊവിഡ് 19 മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 969 പേരാണ് മരിച്ചത്. ഇറ്റലിയിൽ മരണസംഖ്യ 9000 കടന്നിരുന്നു. കൊവിഡ് വെല്ലുവിളിയെ നേരിടാന്‍ സാധിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസക്തി നഷ്ടമാകുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പൊ കൊണ്ടെ അഭിപ്രായപ്പെട്ടു. ആറ് മണിക്കൂര്‍ നീണ്ട വീഡിയോകോണ്‍ഫറന്‍സിംഗ് ചര്‍ച്ചയ്ക്ക് ശേഷവും 27 ഇ യു നേതാക്കള്‍ക്ക് കൊവിഡ് മൂലം യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിലും ഒരു സമവായത്തിലും ഒരു കര്‍മ്മപദ്ധതിയിലും എത്താന്‍ കഴിയാത്തതിലുള്ള നിരാശ ഇറ്റാലിയന്‍ പ്രധാനമന്ത്രി പങ്കുവച്ചു. ഇ യു കൊറോണ ബോണ്ടുകള്‍ ഇഷ്യു ചെയ്ത് ഇറ്റലിയേയും സ്‌പെയിനേയും സാമ്പത്തികമായി സഹായിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം. പണം സ്വരൂപിക്കുന്നതിനായി പൊതുകടം എന്നതിനെ ജര്‍മ്മനിയും നെതര്‍ലാന്റ്‌സും എതിര്‍ക്കുകയാണ്.