പോപ്ലാർ മരങ്ങളും ദിമിത്രിയുടെ വിലാപവും : സുരേഷ് നാരായണൻ എഴുതിയ കവിത. മെയ്ദിന സ്പെഷ്യൽ

പോപ്ലാർ മരങ്ങളും ദിമിത്രിയുടെ വിലാപവും : സുരേഷ് നാരായണൻ എഴുതിയ കവിത. മെയ്ദിന സ്പെഷ്യൽ
May 01 02:18 2021 Print This Article

സുരേഷ് നാരായണൻ

തെരുവോരത്തെ
പോപ്ലാർ
വൃക്ഷനിരകളപ്പാടെ
തലകുനിച്ചു നിശബ്ദരായ് നിന്നിരുന്നു.

നിർബാധം പച്ചിലകൾ പൊഴിച്ചിട്ടുകൊണ്ട്,
തങ്ങളുടെ ചുവട്ടിലഭയം പ്രാപിച്ച പ്രവാഹങ്ങളെ മൂടുവാനവർ ശ്രമിച്ചു.

ഫാക്ടറിസൈറനുകളും വെടിയൊച്ചകളും മത്സരിച്ചു മുഴങ്ങി.

അതികാലത്തെഴുന്നേറ്റ്
അച്ചടക്കത്തോടെ ഫാക്ടറിയിലേക്ക് പോയവർ…

അവരുടെ രക്തമാണ് തെരുവിനെ കീഴടക്കിയിരിക്കുന്നത്.

തെരുവിൻറെ മറ്റേയറ്റത്തുനിന്നപ്പോൾ
ദിമിത്രിയുടെ വിലാപം കേട്ടു;ബധിരനായ ചെരുപ്പുകുത്തി.

“എന്തുകൊണ്ടിത്ര നേരമായിട്ടും
ഫാക്ടറിത്തൊഴിലാളികളാരും
അവരുടെ പഴഞ്ചൻ തുകൽ ഷൂസുകൾ
നന്നാക്കുവാൻ കൊണ്ടുവരുന്നില്ല?”

ദൈവമേ,
അയാളോടു
ഞാനെന്തുപറയും;
അഥവാ
എങ്ങനെ പറയും?

തൊഴിലാളികളെല്ലാം കൊല്ലപ്പെട്ടുവെന്നോ..
സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ
പിന്നാമ്പുറത്തുള്ള പാഴ്ഭൂമി
വിലപിച്ചു വിറങ്ങലിച്ചുകൊണ്ടാ
ശരീരങ്ങളെയത്രയും ഏറ്റുവാങ്ങിയെന്നോ…..

ഒക്ടോബർ
നീയെന്തു പറയുന്നു?
നിനക്കിത്രയും രക്തം ആവശ്യമുണ്ടായിരുന്നോ?

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന  മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ  കവിതാപുരസ്കാരജേതാവ്വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles