2000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കേസ് അന്വേഷണം സിബിഐയ്ക്ക്

2000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കേസ് അന്വേഷണം സിബിഐയ്ക്ക്
November 23 15:33 2020 Print This Article

കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.

നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles