ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മലയാളി നേഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടനിലേക്ക് സ്റ്റാഫ് നേഴ്സായി പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഇപ്പോൾ ഇതാ അവർക്കായി ഒരു സന്തോഷ വാർത്ത. യുകെയിൽ സ്റ്റാഫ്‌ നേഴ്‌സ്‌ ജോലിക്കായി എത്തുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷ സംബന്ധമായ നിബന്ധനകളിൽ പ്രധാനപ്പെട്ട പല ഇളവുകളും പ്രഖ്യാപിക്കാൻ എൻഎംസി (Nursing & Midwifery Council) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ വ്യാഴാഴ്ച നടക്കുന്ന എൻഎംസി യോഗം നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും, പുതിയ മാറ്റങ്ങൾ അംഗീകരിച്ചാൽ ഈ വർഷം ഒക്ടോബർ മുതൽ ഇത് നടപ്പായേക്കുമെന്നും വാർത്ത കേന്ദ്രങ്ങൾ അറിയിച്ചു.

നിലവിൽ റൈറ്റിങ് 6.5, ബാക്കിയെല്ലാം 7 എന്നതാണ് യുകെയ്ക്ക് ആവശ്യമായ IELTS സ്കോർ. OET യിൽ റൈറ്റിങ് C+ ഗ്രേഡും ബാക്കി എല്ലാം B ഗ്രേഡുമാണ് ആവശ്യം. എന്നാൽ കോച്ചിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് പോലും ഇത് പ്രയാസകരം ആയിരുന്നു. അടുത്ത 5 വർഷം കൊണ്ട് ചുരുങ്ങിയത് 5 ലക്ഷം വിദേശ നേഴ്സുമാരെയെങ്കിലും യുകെയിൽ ആവശ്യമായി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ഭാഷാ പരീക്ഷകൾ ഈ രീതിയിൽ കർശനമായി തുടർന്നാൽ ആവശ്യമായ നേഴ്സുമാരെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നൊരു വിലയിരുത്തൽ കൂടി ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. അതിനാൽ IELTS അല്ലെങ്കിൽ OET പരീക്ഷയിൽ നിലവിൽ യുകെയ്ക്ക് ആവശ്യമായ സ്കോർ നിയമങ്ങളിൽ ഇളവ് വരുത്താൻ എൻഎംസി തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിൽ 2022 പകുതിയോടെ അന്തിമതീരുമാനം ഉണ്ടാകുമെന്നും ഒക്ടോബർ മുതൽ നടപ്പായേക്കുമെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, IELTS അല്ലെങ്കിൽ OET ക്ക് പകരമായി ‘എംപ്ലോയർ ലാംഗ്വേജ് റെഫറൽ സിസ്റ്റം’ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുകെയിൽ നിലവിൽ സീനിയർ കെയറർ പോലുള്ള തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരക്കാർക്ക് നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയർ നൽകുന്ന ലാംഗ്വേജ് റെഫറൽ ലെറ്റർ മാത്രം അടിസ്ഥാനമാക്കി, OET അല്ലെങ്കിൽ IELTS സ്കോർ നോക്കാതെ പിൻ നമ്പർ അനുവദിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. IELTS അല്ലെങ്കിൽ OET ആവശ്യമില്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ പരിഗണന ലഭിച്ചേക്കാം. ഇത്‌ ഏതെല്ലാം രാജ്യങ്ങൾക്ക് അനുവദിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കും. എന്തായാലും ഈ സംവിധാനം നടപ്പിലായാൽ നിലവിൽ മാൾട്ട പോലെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ അതിന്റെ പ്രധാന ഗുണഭോക്താക്കൾ മലയാളികൾ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.

ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ച ഒരു ഡിഗ്രി കോഴ്‌സ് കഴിഞ്ഞ് പിജി കോഴ്‌സുകൾ ചെയ്തവർക്ക് ഇംഗ്ലീഷ് ടെസ്റ്റുകൾ നിർബന്ധമാക്കണോ എന്നതും പരിഗണന വിഷയമാണ്. നിലവിൽ BSc നഴ്സിംഗ് പാസ്സായി MSc കൂടി ചെയ്താലും OET / IELTS പരീക്ഷയ്ക്ക് നിശ്ചിതസ്കോർ നിർബന്ധമാണ്. ഇത്‌ തുടരണോ എന്നും എൻഎംസി തീരുമാനിക്കും.