യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 ശനിയാഴ്ച ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒന്നാമത് യുസ്മാ കലാമേള 2019  ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാപാടവം കൊണ്ടും നീതിപൂര്‍വമായ വിധി നിര്‍ണ്ണയം കൊണ്ടും സമയനിഷ്ഠമായ അവതരണംകൊണ്ടും സര്‍വ്വോപരി മത്സരാര്‍ത്ഥികളുടെ മികവാര്‍ന്ന കലാ പ്രകടനങ്ങള്‍ക്കൊണ്ടും സമൂഹമധ്യത്തില്‍ വേറിട്ടൊരനുഭവമായി മാറി.

മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍, ചെസ്റ്റ് നമ്പര്‍ വിതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉദ് ഘാടന സമ്മേളനത്തില്‍ യുസ്മ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന സജി, ഷിബു സേവ്യര്‍, ജെയിംസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഔപചാരികമായി ഉദ് ഘാടനം ചെയ്തു . തുടര്‍ന്ന് 2 സ്‌റേറജുകളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സിംഗിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് ,സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറി.

അത്യന്തം മികവുറ്റതും, മിഴിവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സിംഗിള്‍ സോംഗ് മത്സരങ്ങള്‍ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാന്‍സ് ഫ്‌ലോറില്‍ അരങ്ങേറിയത്.
കീ ബോര്‍ഡ്, ഗിത്താര്‍ വിഭാഗം ഉപകരണസംഗീത മത്സരത്തില്‍ 15 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു. സ്‌കോട് ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും  എഡിന്‍ബര്‍ഗ്ഗ്, ഗ്ലാസ് ഗോ, കിര്‍ക്കാള്‍ഡി, ഫാല്‍കിര്‍ക്ക്, സ്റ്റെര്‍ലിംഗ് ,ലിവിംഗ് സ്റ്റണ്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകള്‍ മാറ്റുരച്ച അവിസ്മരണീയമായ മുഹൂര്‍ത്തത്തിനാണ് ലിവിംഗ് സ്റ്റണ്‍ ഇന്‍വെറാള്‍ മോഡ് ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചത്.

മത്സരാര്‍ത്ഥികള്‍ക്കും അനുവാചകര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി പാചക നൈപുണ്യതയില്‍ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ വിജയികളായ എല്ലാവര്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കോകോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളീ കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്‌കോട് ലാന്‍ഡ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത കലോത്സവമാമാങ്കത്തിന്റെ പുതുവസന്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ വാരി വിതറി. പരാതികള്‍ക്കിടം നല്കാതെയുള്ള വിധി നിര്‍ണ്ണയവും, സംഘടനാ പ്രവര്‍ത്തകരുടെ തോളോടുതോള്‍ചേര്‍ന്ന പ്രവര്‍ത്തനവും, മത്സരാര്‍ത്ഥികളുടെ മികവും, കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമത് യുസ്മാ കലാമേള സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളില്‍ രജതരേഖ രചിച്ചു.

യുസ് മാ കലാമേള കഴിഞ്ഞ്  മണിക്കൂറുകള്‍ക്കുള്ളില്‍ വരും വര്‍ഷങ്ങളിലെ യുസ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും ഊര്‍ജ്ജവും പകരും എന്നതില്‍ സംശയമില്ല.

യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറില്‍ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. കലാമേള 2019 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘടനാ ട്രഷറര്‍ ഡോ.രാജ് മോഹന്‍ നന്ദി അറിയിച്ചു.

കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

https://www.facebook.com/groups/622486761500847/permalink/680840392332150/

https://drive.google.com/folderview?id=111P8gelCqgySBl-AZYBlmJmVk6ewlv3P