ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൊറൈസൺ ഐടി അഴിമതിയുടെ ഭാഗമായി തെറ്റായി ആരോപിക്കപ്പെട്ട പോസ്റ്റ്മാസ്റ്റർമാരെ വംശീയ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിൽ ക്ഷമാപണം നടത്തി പോസ്റ്റ് ഓഫീസ്. അന്വേഷണത്തിൽ പോസ്റ്റ്മാസ്റ്റർമാരുടെ വംശീയ സവിശേഷതകളെ അടിസ്ഥാനമാക്കി കുറ്റവാളികളായി ഇത്തരക്കാരെ തരംതിരിക്കാൻ അന്വേഷകർക്ക് നിർദ്ദേശം ലഭിച്ചതായി കണ്ടെത്തി. 700-ലധികം സബ്-പോസ്‌റ്റ് മാസ്റ്റർമാരെയാണ് തെറ്റായ സംവിധാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ട് ചെയ്‌തത്. യുകെയിലെ ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ നീതിനിഷേധമായാണ് ഈ അഴിമതിയെ വിശേഷിപ്പിക്കുന്നത്.

2008 നും 2011 നും ഇടയിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സംശയാസ്പദമായ സബ് പോസ്റ്റ്മാസ്റ്റർമാർക്ക് അവരുടെ വംശീയ പശ്ചാത്തലമനുസരിച്ച് നമ്പർ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നു. രേഖയിൽ ചൈനീസ്/ജാപ്പനീസ്, കറുത്ത വംശജരായ യൂറോപ്യൻ വംശജർ, നീഗ്രോയിഡ് എന്നിങ്ങനെ ജീവനക്കാരെ തരംതിരിച്ചിരിക്കുന്നത് കാണാം. ഇതിൽ നീഗ്രോയിഡ് എന്ന പദം 1800-കളിലെ കൊളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കൻ വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പുരാതനവും നിന്ദ്യവുമായ പദമാണ്. ഒരു തരത്തിലുള്ള വംശീയതയും സംഘടന സഹിക്കുകയില്ലെന്നും പ്രസ്‌തുത സംഭവത്തിൽ അപലപിക്കുന്നുവെന്നും പോസ്റ്റ് ഓഫീസ് വക്താവ് പറഞ്ഞു.

1999 നും 2015 നും ഇടയിൽ മോഷണം, വഞ്ചന, തെറ്റായ അക്കൗണ്ടിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 700-ലധികം ബ്രാഞ്ച് മാനേജർമാരെ പിന്തുണച്ച് കൊണ്ട് നടന്ന അന്വേഷണത്തിലാണ് ഈ രേഖ കണ്ടെത്തിയത്. അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടർ സിസ്റ്റമായ ഹൊറൈസണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ പിന്നീട് ഇതിൽ പിഴവുണ്ടെന്ന് കണ്ടെത്തി. ജാപ്പനീസ് കമ്പനിയായ ഫുജിറ്റ്സു വികസിപ്പിച്ച ഈ സംവിധാനം ഇടപാടുകൾ, അക്കൗണ്ടിംഗ്, സ്റ്റോക്ക് ടേക്കിംഗ് തുടങ്ങിയവ ട്രാക്ക് ചെയ്യും.
	
		

      
      



              
              
              




            
Leave a Reply