ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡേവിഡ് ഫുള്ളറെന്ന കൊടും ക്രിമിനൽ ഇനി മരണം വരെ ജയിലിൽ. രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തുകയും നൂറിലധികം മൃതദേഹങ്ങളെ ഭോഗിക്കുകയും ചെയ്ത ആശുപത്രി ഇലക്ട്രീഷ്യന് ഇരട്ട ജീവപര്യന്തവും 12 വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. മാനുഷികമായ യാതൊരു പ്രവൃത്തിയും ഫുള്ളറിൽ നിന്നുണ്ടായില്ലെന്ന് ജസ്റ്റിസ് ചീമ-ഗ്രബ് പറഞ്ഞു. നെൽ, പിയേഴ്സ് എന്നീ യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡേവിഡ് ഫുള്ളർ അറസ്റ്റിലായത്. കെന്റിലെ രണ്ട് ആശുപത്രികളിൽ ജോലിയെടുത്തിരുന്ന കാലത്താണ് അവിടത്തെ മോർച്ചറികളിൽ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി താൻ ബന്ധപ്പെട്ടത് എന്ന് ഫുള്ളർ പറഞ്ഞിരുന്നു. ബെഡ്സിറ്റ് മർഡർസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങൾ ഡിഎൻഎ പരിശോധനകളിലൂടെ തെളിഞ്ഞതോടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായത്.

മരിച്ച 102 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഫുള്ളർ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പ്രോസിക്യൂട്ടർ ഡങ്കൻ അറ്റ്കിൻസൺ ക്യുസി പറഞ്ഞു. ഒമ്പത് വയസ്സുള്ള പെൺകുട്ടിയും 16 വയസ്സുള്ള രണ്ട് പേരും 100 വയസ്സുള്ള സ്ത്രീയും അവരിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിധി കേൾക്കാൻ ഒൻപതു വയസ്സുകാരിയുടെ അമ്മയും കോടതിയിൽ ഉണ്ടായിരുന്നു.

ഈസ്റ്റ്‌ സസെക്സിലെ ഹേർത്ത് ഫീൽഡിൽ ആയിരുന്നു ഫുള്ളർ കുടുംബസമേതം താമസിച്ചിരുന്നത്. ഫുള്ളറുടെ അപ്പാർട്ട്മെന്റിൽ നടന്ന പൊലീസ് പരിശോധനയിൽ അവിടെ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വൻ കളക്ഷൻ – ഫ്ലോപ്പിഡിസ്‌ക്, ഹാർഡ് ഡിസ്ക്, ഡിവിഡി, സിഡി, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ രൂപത്തിൽ കണ്ടെടുക്കപ്പെട്ടിരുന്നു. വീട്ടിലെ ഒരു രഹസ്യ അലമാരയ്ക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു.

1987 മുതൽ 2011 വരെ കെന്റ് ഭാഗത്തെ പല ആശുപത്രികളിലും ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഇയാൾ, മറ്റുള്ള ജീവനക്കാർ ഉറങ്ങിയതിന് ശേഷമാണ് മോർച്ചറിയുടെ സ്പെയർ കീ ഉപയോഗിച്ച് അകത്തു കടന്നിരുന്നതും അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടിരുന്നതും. കൊലപാതകത്തിന് ശേഷം മൂന്നു പതിറ്റാണ്ടുകൾ പിടികൊടുക്കാതെ കഴിഞ്ഞ കൊടുംക്രിമിനൽ നിരവധി പേരുടെ ജീവിതത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതിക്രൂരവും മൃഗീയവുമായി കുറ്റകൃത്യങ്ങൾ നടത്തിയ ഫുള്ളർ ജയിലിനുള്ളിൽ നരകയാതന അനുഭവിക്കണം.